Advertisment

നേപ്പാൾ സ്വദേശിയായ ഹോട്ടൽ തൊഴിലാളിയെ വിളിച്ചുവരുത്തി കൊല്ലാൻ ശ്രമിച്ചു; ഹോട്ടലുടമയടക്കം മൂന്നുപേർ അറസ്റ്റിൽ

മോഹൻ നേരത്തേ ഇക്കാസ് ഹോട്ടലിൽ തൊഴിലാളിയായിരുന്നു. ഒരാഴ്ച മുൻപ്‌ മറ്റൊരു തൊഴിലാളിക്കൊപ്പം വേറൊരു ഹോട്ടലിൽ ജോലിക്ക് ചേർന്നു. അതിനുശേഷം രണ്ടുപേരെക്കൂടി ഇക്കാസ് ഹോട്ടലിൽനിന്ന് ഇയാൾ മറ്റൊരു ഹോട്ടലിലേക്ക് ജോലിക്ക് കൂട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചായിരുന്നു മർദനം.

New Update
panoor Untitledja

പാനൂർ: നേപ്പാൾ സ്വദേശിയായ ഹോട്ടൽ തൊഴിലാളിയെ വിളിച്ചുവരുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ ഹോട്ടലുടമയടക്കം മൂന്നുപേർ അറസ്റ്റിൽ.

Advertisment

പാനൂരിനടുത്ത മാക്കൂൽപീടികയിലെ ഇക്കാസ് ഹോട്ടലുടമ പാനൂർ ചൈതന്യയിലെ ചൈതന്യകുമാർ (37), തിരുവനന്തപുരം ഞാറക്കോണം ആമിന മൻസിലിൽ ബുഹാരി (41), മൊകേരി വായവളപ്പിൽ ഹൗസിൽ അഭിനവ് എന്നിവരാണ് അറസ്റ്റിലായത്. നേപ്പാൾ ഘൂമി സ്വദേശി ബി.മോഹനെ (34)കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്.

കൂത്തുപറമ്പ് എ.സി.പി.യുടെ ചുമതല വഹിക്കുന്ന കണ്ണൂർ അഡീ. എസ്.പി. കെ.വി.വേണുഗോപാലിന്റെ നിർദേശപ്രകാരം പാനൂർ ഇൻസ്പെക്ടർ ബി.പ്രദീപ്കുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മോഹൻ നേരത്തേ ഇക്കാസ് ഹോട്ടലിൽ തൊഴിലാളിയായിരുന്നു. ഒരാഴ്ച മുൻപ്‌ മറ്റൊരു തൊഴിലാളിക്കൊപ്പം വേറൊരു ഹോട്ടലിൽ ജോലിക്ക് ചേർന്നു. അതിനുശേഷം രണ്ടുപേരെക്കൂടി ഇക്കാസ് ഹോട്ടലിൽനിന്ന് ഇയാൾ മറ്റൊരു ഹോട്ടലിലേക്ക് ജോലിക്ക് കൂട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചായിരുന്നു മർദനം.

നാലാംതീയതി മോഹനെ ഹോട്ടലുടമ ചൈതന്യകുമാർ വിളിച്ചുവരുത്തി. തുടർന്ന് ഇയാളുടെ അധീനതയിലുള്ള ഒരുമുറിയിൽ താമസിപ്പിച്ച്‌ വ്യാഴാഴ്ച അർധരാത്രി മുതൽ ശനിയാഴ്ച പുലർച്ചെവരെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനുസമീപം എത്തിച്ച് അടുത്ത വണ്ടിക്ക് സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മടങ്ങുകയായിരുന്നു.

അവശനായി റോഡിൽ കിടക്കുന്ന യുവാവിനെ കണ്ട നാട്ടുകാർ തലശ്ശേരി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി മോഹനെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നത് പാനൂരിലായതിനാൽ പാനൂർ പോലീസിൽ വിവരമറിയിച്ചു.

Advertisment