കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങോം വയക്കര നിതിന്‍ കൂത്തൂര്‍(27) ജീവിതത്തോട് വിടപറഞ്ഞത് വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാതെ. 5 വര്‍ഷമായി കുവൈത്തിലെ നിര്‍മാണ കമ്പനിയില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു .
കണ്ണൂര്‍ വയക്കര ചേടൂര്‍ കാവിന് സമീപം പുതിയ വീട് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിതിന്‍. നാട്ടിലെത്തിയാല്‍ പൊതുക്കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന നിതിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടുകാരും.
ദിവസവും വീട്ടിലേക്ക് വിളിച്ച് സംസാരിക്കുകയും സുഹൃത്തുക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതും നിതിന്റെ പതിവായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. നിതിന്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന സ്ഥലത്ത് തീപിടുത്തമുണ്ടായതറിഞ്ഞ് ആശങ്കപ്പെട്ടിരുന്ന കുടുംബാംഗങ്ങളെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തിയാണ് മരണവിവരമെത്തിയത്.
വയക്കരയിലെ കൂത്തൂര്‍ ലക്ഷ്മണന്റെയും പരേതയായ സി.വി. ഇന്ദിരയുടെയും മകനാണ്. സ്വകാര്യ ബസ് ഡ്രൈവറായ ലിജിന്‍ സഹോദരനാണ്. നിതിന്റെ വേര്‍പാടറിഞ്ഞ് നിരവധി പേരാണ് വയക്കരയിലെ വീട്ടിലേക്ക് എത്തുന്നത്.