/sathyam/media/media_files/zJIXKXqH8MJgigDUFGvx.jpg)
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി കരുണാകരനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യം ചെയ്ത് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. മോദിയിലും കരുണാകരനിലും ഒരുപൊലെയുള്ള ഗുണങ്ങളുണ്ടെന്നാണ് പത്മജ പറഞ്ഞത്. കരുണാകരന്‍ തന്റെ അവകാശമാണെന്നും അവകാശം ഏറ്റെടുക്കാന്‍ ആരും വരേണ്ടതില്ലെന്നും പത്മജ പറഞ്ഞു.
അമ്മ മരിച്ചതിന് ശേഷം 17 വര്‍ഷം അച്ഛനെ നോക്കിയ തനിക്ക് തന്നെയാണ് കരുണാകരന്റെ അവകാശമെന്നും പത്മജ പ്രതികരിച്ചു. മോദിയുടെ വികസനം, സ്ത്രീകളോടുള്ള ബഹുമാനം തുടങ്ങിയ കാര്യങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. പഴയ ബന്ധങ്ങള്‍ മറക്കാന്‍ കഴിയില്ലെന്നും പത്മജ പറഞ്ഞു.
കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങി തുടങ്ങി. ലീഗ് പറയുന്നത് കേള്‍ക്കുന്ന ഏറാന്‍മൂളികളായി കോണ്‍ഗ്രസ് മാറി. കെ മുരളീധരനെ കോണ്‍ഗ്രസ് കുളിപ്പിച്ച് കിടത്തും. ബുദ്ധി വരാന്‍ സമയം എടുക്കും. ഇനിയും മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് വരുമെന്നും പത്മജ അവകാശപ്പെട്ടു.
കെ സുധാകരന്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് ചാടാന്‍ നില്‍ക്കുകയാണെന്നാണ് പത്മജ ആരോപിച്ചത്. പ്രിയങ്കയുടെ വാഹനത്തില്‍ കയറാന്‍ പണം നല്‍കിയത് അക്കൗണ്ട് വഴിയാണ്. ആരും നിഷേധിച്ചാലും സത്യം മറച്ചുവെക്കാനാകില്ല. കള്ളം പറയാന്‍ മാത്രമാണ് വി ഡി സതീശന്‍ വായ തുറക്കുന്നതെന്നും പത്മജ ആരോപിച്ചു.