/sathyam/media/post_banners/HAQuvxi6dR6n6JDb5bzI.jpg)
കണ്ണൂർ : കുട്ടികളുടെ പരീക്ഷ പേടിയകറ്റാൻ പരിരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ച് തളിപ്പറമ്പ് മണ്ഡലം. മണ്ഡലത്തിൽ നടപ്പാക്കി വരുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. ടാഗോർ വിദ്യാനികേതൻ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെ ആത്മവിശ്വാത്തോടെ പരീക്ഷ നേരിടുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വർഷം മണ്ഡലത്തിലെ 4864 കുട്ടികൾ എസ് എസ് എൽ സിയും 8400 കുട്ടികൾ ഹയർ സെക്കണ്ടറി പരീക്ഷയും എഴുതുന്നുണ്ട്. മണ്ഡലത്തിലെ 20 ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായാണ് പരിശീലനം നൽകുക. ആദ്യ ദിനത്തിൽ ഒമ്പത് സ്‌കൂളുകളിലായിരുന്നു പരിശീലനം. മൂന്ന് ദിവസങ്ങളിലായി നൽകുന്ന പരിശീലനം ഫെബ്രുവരി ആറിന് സമാപിക്കും.
തുടർന്ന് കൗൺസിലർമാരുടെ നേതൃത്വത്തിൽ ടെലി കൗൺസലിംഗ് സംവിധാനവും ഒരുക്കും. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതുവരെ കുട്ടികൾക്ക് ഇവരുടെ സേവനം ലഭ്യമാക്കും. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സമഗ്രവിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ ഡോ. കെ പി രാജേഷ് പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് ഡിഇഒ സി അനിത വിശിഷ്ടാതിഥിയായി.