കണ്ണൂര്‍: തളിപ്പറമ്പില്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് സ്‌കൂട്ടറുകള്‍ മോഷണം പോയി. കരിമ്പം സ്വദേശി രഘുനാഥന്‍, തളിപ്പറമ്പ് സ്വദേശി മര്‍വാന്‍ എന്നിവരുടെ സ്‌കൂട്ടറുകളാണ് മോഷണം പോയത്. മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കരിമ്പത്തെ അബിന്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു രഘുനാഥന്റെ സ്‌കൂട്ടര്‍. വഴിയെ പോയ ഒരാള്‍ സ്‌കൂട്ടറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. അല്‍പനേരം പരിസരം വീക്ഷിക്കുന്നു. പിന്നെ ഒറ്റ പോക്കാണ് സ്‌കൂട്ടറും കൊണ്ട്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് ഈ സ്‌കൂട്ടര്‍ മോഷണം നടന്നത്. ഹോട്ടല്‍ ജീവനക്കാരനായ രഘുനാഥന്‍ ഹോട്ടലിനുള്ളില്‍ കയറി തിരിച്ചെത്തിയപ്പോഴേക്ക് സ്‌കൂട്ടറില്ല. താക്കോല്‍ വാഹനത്തിന് മുകളിലായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മലബാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ കോമ്പൗണ്ടിലാണ് രണ്ടാമത്തെ മോഷണം നടന്നത്. ഞായറാഴ്ച രാത്രിയാണ് ഉടമസ്ഥന്‍ മര്‍വാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ പരിസരത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടത്. പുലര്‍ച്ചെയെത്തിയ കള്ളന്‍ സ്‌കൂട്ടര്‍ കൊണ്ടുപോയി.
താക്കോല്‍ വാഹനത്തില്‍ തന്നെയുണ്ടായിരുന്നു. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് മൂന്നു മണിക്കൂറിന്റെ ഇടവേളയില്‍ വ്യത്യസ്ത മോഷണം നടന്നത്. സിസിടിവി കേന്ദ്രീകരിച്ച് മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് തളിപ്പറമ്പ് പൊലീസ്. രണ്ട് പേരും ഒരു സംഘത്തിലുള്ള ആളുകളാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.