കൊല്ലൂരില്‍ വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചു, എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി

New Update
sreesanth

കണ്ണൂര്‍: മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കണ്ണൂരില്‍ കേസെടുത്തു. വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായാണ് പരാതി. കൊല്ലൂരില്‍ വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്ത്. 

Advertisment

സംഭവത്തില്‍ അന്വേഷണം നടത്താന്‍  ഉത്തരവിട്ടിട്ടുണ്ട്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായി പരാതിയിലുണ്ട്.  പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയിലുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിരുന്ന മുന്‍ മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ കളിച്ച ആദ്യ മലയാളി താരവുമാണ് ശ്രീശാന്ത്. 2007ല്‍ വെസ്റ്റിന്‍ഡീസില്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

2011 ലോകകപ്പില്‍ ആദ്യം ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും പേസ് ബൗളറായ പ്രവീണ്‍ കുമാറിന്റെ പരിക്കിനെത്തുടര്‍ന്ന് ശ്രീശാന്തിനെയും ടീമിലെടുത്തു. ഫൈനല്‍ ഉള്‍പ്പെടെ പലകളികളിലും ശ്രീശാന്ത് കളിക്കുകയും ചെയ്തു. 2013 മെയ് 16ന് ഒത്തുകളി വിവാദത്തെതുടര്‍ന്ന് ശ്രീശാന്ത് അറസ്റ്റ് ചെയ്യപ്പെടുകയും ബിസിസിഐ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ശ്രീശാന്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ അജിത്ത് ചന്ദിലയേയും അംഗീത് ചവാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാതുവെയ്പ്പ് നടത്താന്‍ ജിജു ജനാര്‍ദ്ദനന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപണം. മേയ് 17-ന് ശ്രീശാന്ത് കുറ്റം സമ്മതിച്ചുവെന്ന ഡല്‍ഹി പോലീസിന്റെ പ്രസ്താവന വന്നു. 

Advertisment