/sathyam/media/media_files/gZrI1kXYkKdArcG5evif.jpg)
കണ്ണൂർ; സ്പീക്കർ എ.എൻ ഷംസീറിനെതിരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ ഭീഷണി പ്രസംഗത്തിനെതിരെ പരാതി നൽകി യുവമോർച്ച. വിവാദ പ്രസംഗത്തിന്റെ പേരിൽ ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ്, ജയരാജനെതിരെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സ്പീക്കർ എ.എൻ. ഷംസീറിനുനേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്റെ മുന്നറിയിപ്പ്. ജയരാജന്റെ ഭീഷണി രാഷ്ട്രീയസംഘർഷത്തിന് വഴിവയ്ക്കുമെന്ന് പരാതിയിൽ പറയുന്നു.
എ എൻ ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നാണ് ജയരാജൻ പ്രസംഗത്തിൽ ഭീഷണി മുഴക്കിയത്. ‘യുവമോർച്ച നേതാവ് കെ ഗണേഷ് നടത്തിയ പ്രസംഗത്തിന് എതിരെയായിരുന്നു പി ജയരാജന്റെ പ്രതികരണം. സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജൻ. ഷംസീർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജൻ പറഞ്ഞു.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജയരാജന്റെ പ്രസ്താവന.