Advertisment

നൊമ്പരങ്ങളുടെ തീമഴയായി സമരാഗ്നി ജനസദസ്... ഒപ്പം ഉണ്ടാവുമെന്ന് നേതാക്കളുടെ ഉറപ്പ്

New Update
samaragni yathra-2

കാസർഗോഡ്: കേൾക്കാൻ ആളില്ലാത്ത ശബ്ദത്തിന് ചെവികൊടുത്ത് സമരാഗ്നി ജനസദസ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി കാസർഗോഡ് മുനിസിപ്പൽ മിനി ഹാളിൽ നടന്ന ജനസദസ്സ് വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. എൻഡോസൾഫാൻ ഇരകളുടെ ദുരിതം വിശദീകരിച്ച ആക്ടീവ്സ്റ്റ് സിസ്റ്റർ മേരി ആന്റോ മംഗലത്തിന്റെ വാക്കുകൾ കേട്ടിരുന്നവരുടെ കണ്ണുകളെ പോലും ഈറൻ അണിയിച്ചു. 

Advertisment

കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുവിൻമാവ് തോട്ടത്തിൽ 1974 മുതൽ ഹെലികോപ്റ്ററിൽ കീടനാശിനി പ്രയോഗിച്ചു തുടങ്ങി. ആ വിഷമഴ കാൽ നൂറ്റാണ്ട് കാലം തോരാതെ പെയ്തു. ആ ദുരന്തത്തിൽ കുളിച്ചു നിൽക്കുകയാണ് ഇന്നും കാസർഗോഡ്. കമ്പനിയും സർക്കാരും ഈ ദുരന്തത്തിന്റെ തീവ്രത കുറച്ചു കാണിക്കാൻ മത്സരിക്കുകയാണ്.

രോഗികളോടുള്ള അവഗണനയിൽ രോഷാകുലനാകുകയാണ് എൻഡോസൾഫാൻ സമരനായകൻ അമ്പലത്തറ കുഞ്ഞുകൃഷ്ണൻ. ദുരിതബാധിതരുടെ പട്ടികയിൽ അകാരണമായി വെട്ടിക്കുറച്ചവരെ കൂട്ടിച്ചേർക്കുക, മികച്ച സൗജന്യ ചികിത്സ എൻഡോസൾഫാൻ ബാധിതർക്ക്  ഉറപ്പുവരുത്തുക, ഇതിനായി കാസർഗോഡ് മികച്ച ചികിത്സാ സൗകര്യമൊരുക്കുക തുടങ്ങിയ കാര്യങ്ങളാണ് ജനസദസ്സിൽ എൻഡോസൾഫാൻ ബാധിതരുടെ പ്രതിനിധികൾ ഉന്നയിച്ചത്.

വന്യമൃഗ ശല്യം: പ്രാണഭീതിയോടെ കർഷകർ

ഇൻഫാമിന്റെ സാരഥി ഫാ. ജോസഫ് ഒറ്റപ്ലാക്കൻ വയനാട്ടിൽ ഇന്നലെ ആനയുടെ ആക്രമണത്തിൽ മരിച്ച കർഷകനെ അനുസ്മരിച്ചുകൊണ്ടാണ് വന്യമൃഗ ശല്യത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാൻ ശാസ്ത്രീയമായ സംവിധാനം ഏർപ്പെടുത്തണമെന്നും കൃഷി നശിച്ച കർഷകർക്ക് കാലവിളമ്പം കൂടാതെ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സണ്ണി പൈക്കര എന്ന കർഷകന് കാട്ടുപോത്തിന്റെ മുന്നിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവമാണ് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നത്. റബർ വെട്ടി തിരിച്ചു വരുമ്പോൾ കാട്ടുപോത്ത് ചീറിയടുത്തു. കയ്യിൽ ഉണ്ടായിരുന്ന റബ്ബർ പാൽ പോത്തിന്  നേരെ ഒഴിച്ചു. പാൽ കണ്ണിൽ വീണതോടയാണ് പോത്ത് പിന്മാറിയത്. രവിചന്ദ്ര എന്ന കർഷകന് നാളികേര സംഭരണത്തിലെ അപാകതയുടെ കുറിച്ചാണ് പറയാനുണ്ടായിരുന്നത്.

janakeeya charcha sadas

അടക്ക കർഷകരുടെ പ്രതീക്ഷകൾ വാടിവീഴുന്നു

കേരളത്തിൽ കൂടുതൽ അടക്ക ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഭൂപ്രദേശമാണ് കാസർഗോഡ്. പ്രതീക്ഷകൾ ചെമ്പഴം കൊണ്ട അടക്ക പോലെ, സ്വർണ്ണ നിറത്തിൽ തിളങ്ങിയ ഒരു ഭൂതകാലമുണ്ടായിരുന്നു കർഷകർക്ക്. ഇലകൾ വാടിവീഴുന്ന രോഗബാധയെ തുടർന്ന് ഉത്പാദനം 30, 40 ശതമാനമായി കുറഞ്ഞു.

ഒരേക്കരിൽ മരുന്ന് തളിക്കണമെങ്കിൽ 10000 രൂപ വേണം. അടക്ക വിളവെടുത്ത് ഒരു വർഷം വരെ കാത്തു വെച്ചാൽ 450 രൂപ വില ലഭിക്കും. ഇടത്തരം കർഷകരെ സംബന്ധിച്ചിടത്തോളം വിളവെടുത്താൽ ഉടനെ വിൽക്കേണ്ടിവരും അപ്പോൾ വില 340 രൂപ മാത്രമായി ചുരുങ്ങും. ചന്ദ്രശേഖരറാവു എന്ന കർഷകൻ ജനസദസ് എത്തി കന്നട കലർന്ന മലയാളത്തിൽ സങ്കടം വിവരിച്ചു.

കിട്ടാത്ത ക്ഷേമ പെൻഷനായി നെട്ടോട്ടം ഓടുന്നവർ

ക്ഷേമ പെൻഷനുകൾ കിട്ടാത്ത ഒട്ടേറെ പേർ സങ്കട ഹർജിയുമായി ജനസദസ്സിൽ എത്തി. ഒരു വർഷം മുൻപ് വിരമിച്ച എ.വി. കമ്മാടം എന്ന അംഗൻവാടി ജീവനക്കാരിക്ക് ഇതുവരെ ക്ഷേമ പെൻഷൻ ലഭിച്ചിട്ടില്ല. പാർട്ടി പരിപാടികൾക്ക് ആളെ കൂട്ടാനാണ് അംഗൻവാടി ജീവനക്കാരെയും ആശ വർക്കർമാരെയും ഉപയോഗിക്കുന്നതെന്ന് ചെറിയ വേതനത്തിൽ 42 വർഷം സേവനം ചെയ്ത കമ്മാടം തുറന്നടിച്ചു.

വാർദ്ധക്യ, വിധവ പെൻഷനുകൾക്കായി മാസങ്ങളായി കിട്ടാത്ത നിരവധി പേർ പരാതിയുമായി എത്തിയിരുന്നു. ഉത്തര മലബാറിലെ ക്ഷേത്ര സ്ഥാനികളും കോലധാരികളും തങ്ങളുടെ തുച്ഛമായ വേതനം ഉയർത്താനും അത് കൃത്യമായി ലഭിക്കാനും സർക്കാരിനെ സമീപിച്ചിരുന്നു. അതിനുമുമ്പ് ആറുമാസത്തിലൊരിക്കൽ ലഭിച്ചിരുന്ന വേതനം ഇപ്പോൾ എട്ടുമാസം ആയിട്ടും കിട്ടിയിട്ടില്ലെന്ന് ഇ. പ്രമോദ് കോമരവും സജീവും പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്കുള്ള സബ്സിഡിയും ക്ഷേമ പെൻഷനുകളും ശൈലജ എന്ന മത്സ്യത്തൊഴിലാളി സ്ത്രീ സഹപ്രവർത്തകതോടൊപ്പം എത്തി നേതാക്കളെ അറിയിച്ചു. കർഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യം കിട്ടാത്തതിന്റെ നൊമ്പരം ആയിരുന്നു വി ഗംഗാധരന്.

തീരാത്ത പരാതികൾക്ക് കാതുകൂർപ്പിച്ച് നേതാക്കൾ

janakeeya charcha sadas-2

തീരെ പരിപാലന നിയമം വലിയപറമ്പ് ഗ്രാമത്തെ മുഴുവൻ ജനങ്ങളെയും ആശങ്കയിൽ ആക്കിയിരിക്കുന്നതായി എം.ടി.അബ്ദുൽ ജബ്ബാർ പറഞ്ഞു. ചീമേനിയിൽ ആരംഭിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെ കുറിച്ചുള്ള ആദിവാസികളുടെ ആശങ്കയാണ് അനീഷ് പയ്യന്നൂർ പങ്കുവെച്ചത്. പെരിയയിലെ കേന്ദ്ര സർവകലാശാലയിലെ പരിമിതികൾ പരിഹരിക്കാൻ അധികൃതർ കാണിക്കുന്ന നിസംഗതയിലുള്ള പ്രതിഷേധമാണ് വിദ്യാർത്ഥിയായ ഡിവിൻ ചാക്കോയ്ക്ക്. 

കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റിയ മയിച്ച ഗവൺമെന്റ് സ്കൂൾ കെട്ടിടം പുനർ നിർമിക്കാത്ത സർക്കാർ അലഭാവമാണ് ടിപി അനിൽ ചൂണ്ടിക്കാണിച്ചത്. ബീച്ച് ടൂറിസവുമായി ബന്ധപ്പെട്ട നടക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ബുർഹാൻ തളങ്കരയുടെ ആവശ്യം.

ഇന്ധന സെസ് ഏർപ്പെടുത്തിയതോടെ തൊട്ടടുത്ത കർണാടകയിലെ ഇന്ധന വിലയുമായി ലിറ്ററിന് 8 രൂപയുടെ വ്യത്യാസമുണ്ടായി. അതിർത്തിയിലെ പമ്പുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണെന്ന് എം.സി.ഹനീഫ ചൂണ്ടിക്കാണിച്ചു. റേഷൻകടകൾ വഴി നൽകിയ 'തുടർഭരണ കിറ്റിന്റെ വിതരണ കൂലി ഇതുവരെ നൽകിയിട്ടില്ലെന്ന് റേഷൻ വ്യാപാരി എ.നടരാജൻ പറഞ്ഞു. വെളുത്തുള്ളി പോലുള്ള ജൈവ കീടനാശിനിയുടെ വിലവർധന മൂലം  വിലവർധന അടുക്കളത്തോട്ടം പോലും സംരക്ഷിക്കാൻ കഴിയാത്തതിൽ സങ്കടം ആയിരുന്നു വീട്ടമ്മ ഗീതാ ബാലകൃഷ്ണന്.

ഞങ്ങൾ കാസർഗോട്ടെ ജനപ്രതിനിധികളെ പോലെ പ്രവർത്തിക്കും

കാസർഗോട്ടെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പഠിച്ച് റിപ്പോർട്ട് ഉണ്ടാക്കി സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ശേഷം ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കും. പ്രശ്നപരിഹാരത്തിനായി ഞങ്ങൾ ഇവിടത്തെ ജനപ്രതിനിധികളെ പോലെ പ്രവർത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പറഞ്ഞു. സദസ്സിൽ ജനസദസ് ചെയർമാൻ പഴകുളം മധു അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ സജീവ് ജോസഫ്, ടി സിദ്ധിഖ്, ഡിസിസി പ്രസിഡന്റ് പി..കെ. ഫൈസൽ, എം.സി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

Advertisment