/sathyam/media/media_files/DReH7RBZBcayjWWv0bud.jpg)
കാസർകോട്: വികസനപരമായി പിന്നോക്കം നിൽക്കുന്ന മുളിയാറിൽ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് പൊതു പ്രവർത്തകനായ ആലൂർ ടി.എ മഹ്‌മൂദ് ഹാജി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കാസർകോട് ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും കിലോമീറ്റർ ദൂരമുള്ള ചെർക്കള കെഎസ്ഇബി ഓഫീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കേരളത്തിലെ ചില സ്ഥലങ്ങളിൽ ഒരു പഞ്ചായത്തിൽ തന്നെ ഒന്നിലധികം കെഎസ്ഇബി സെക്ഷൻ ഓഫീസ് പ്രവർത്തിക്കുമ്പോൾ മുപ്പതിനായിരത്തിൽ പരം ഉപഭോക്താക്കളുള്ള മല പ്രദേശങ്ങൾ ഉൾകൊള്ളുന്ന ഈ മുളിയാർ ഗ്രാമ പഞ്ചായത്തിൽ കെഎസ്ഇബിക്ക് ഒരു സെക്ഷൻ ഓഫീസ് പോലുമില്ല എന്നത് അവിശ്വസനീയവും ജനങ്ങൾക്ക് ഏറ്റവും വലിയ പ്രയാസം സൃഷ്ടിക്കുന്നതുമാണ്.
എരിഞ്ഞിപ്പുഴ, ശാന്തി നഗർ, ആലൂർ, പാത്തനടുക്കം, തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കും ചെർക്കള സെക്ഷനിലെ ജീവനക്കാർ തന്നെയാണ് അപകടം സന്ദർഭങ്ങളിൽ പോലും ലൈൻ നന്നാക്കാനും മറ്റും ഓടി എത്തേണ്ടി വരുന്നത്.
നിലവിൽ മുളിയാർ, ചെങ്കള, എന്നീ രണ്ട് പഞ്ചായത്തുകൾ മുഴുവനായും, ബദിയടുക്ക, കാറഡുക്ക, പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും, കാസർകോട് മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങളും, ചെർക്കള സെക്ഷൻ പരിധിയിൽ പെടുന്നതിനാൽ ജീവനക്കാർക്ക് ജോലി ഭാരം കൂടുകയും, കാല വർഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുമ്പോൾ അത് നന്നാക്കാനോ മറ്റു അറ്റകുറ്റ പണികൾ വേഗത്തിൽ ചെയ്തു തീർക്കാനോ പറ്റാതെ വരുന്നു.
സാധാരണ മറ്റു സെക്ഷൻ പരിധിയിൽ നൂറിൽ താഴെ ട്രാൻസ്‌ഫോമർ ഉണ്ടാകുമ്പോൾ ചെർക്കള സെക്ഷൻ പരിധിയിൽ 235 ട്രാൻസ്‌ഫോമർ ഉണ്ട്. ഇതിന്റെയൊക്കെ മൈന്റെൻസ് വർക്ക് ചെയ്യാൻ ആവശ്യത്തിന് വേണ്ടത്ര ജീവനക്കാരുമില്ല.
പൊതു ജനങ്ങൾക്കും കെഎസ്ഇബി ജീവനക്കാർക്കും ഒരു പോലെ പ്രയാസം നേരിടുന്ന ഈ അവസ്ഥക്ക് ഒരു പരിഹാരത്തിനായി
ചെർക്കള കെഎസ്ഇബി സെക്ഷൻ ഓഫീസ് വിഭവിച്ചു മുളിയാർ പഞ്ചായത്തിന്റെ ആസ്ഥാനമായ ബോവിക്കാനത്ത് കെഎസ്ഇബിയുടെ ഒരു സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് കേരള മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കാസർകോട് ജില്ലാ കളക്ടർ, കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ, എംപി, എംഎൽഎ, തുടങ്ങിയവർക്ക് അയച്ച നിവേദനത്തിൽ ആലൂർ ടി എ മഹ്‌മൂദ് ഹാജി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us