കാസര്‍കോട്: പരാതികള്‍ പരിഹരിക്കാനും വികസനത്തിന് കരുത്തുപകരാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
കാസര്‍കോട് റസ്റ്റ് ഹൗസിലാണ് യോഗം. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍കോട് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്. നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം.
അതിനിടെ നവകേരള സദസിന്റെ ആദ്യ ദിനമായ ശനിയാഴ്ച 2200 പരാതികളാണ് ലഭിച്ചത്. മഞ്ചേശ്വരത്ത് ലഭിച്ച പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജില്ലയിലെ മന്ത്രിമാര്‍ ഇതിന്റെ മേല്‍നോട്ടച്ചുമതല വഹിക്കും.
ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് 'നവകേരള സദസ്'. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം.
ഒരു ദിവസം ശരാശരി നാല് മണ്ഡലങ്ങളിലെങ്കിലും ജനകീയ സദസുകള്‍ പൂര്‍ത്തിയാക്കും വിധമാണ് നവകേരള ജനസദസിന്റെ സമയക്രമീകരണം. ഓരോ ജനസദസിനും ചുരുങ്ങിയത് 5000 പേരെങ്കിലുമുണ്ടാകണമെന്നാണ് സംഘാടക സമിതിക്കുള്ള നിര്‍ദ്ദേശം.