/sathyam/media/media_files/wC73xV1QlaKWSQKatN4K.jpg)
കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം സംഭവം നടന്ന 17 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയ്ക്കാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം നടന്നത്. ട്യൂഷന് പോകുന്ന വഴിയിലാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. അബിഗേൽ സാറാ റജിയുടെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടികുതറി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.
രാത്രിയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളിക്കുകയും തുടർന്ന് തുടർന്ന് അച്ഛനോട് സംസാരിച്ചപ്പോൾ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് വിവരം.
പിറ്റേദിവസം അതായത് ഇന്ന് രാവിലെ 10 മണിയോടെ ഇതുമായി ബന്ധപ്പെട്ട് വീണ്ടും ഫോൺ കോൾ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പത്തുമണി കഴിഞ്ഞിട്ടും ഇത് സംബന്ധിച്ചുള്ള ഫോൺ കോളുകൾ ഒന്നും എത്തിയിട്ടില്ല. മാത്രമല്ല കുട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടുമില്ല.
രാത്രി 7.45നാണ് കുട്ടിയുടെ അമ്മയ്ക്ക് ഒരു സ്ത്രീയുടെ ഫോൺ കോൾ എത്തിയത്. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോൺ കോളെത്തിയത്. പാരിപ്പള്ളി കുളമടയിലെ കടയുടെ ഉടമയായ സ്ത്രീയുടെ ഫോണിൽ നിന്നാണ് കോൾ എത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയവർ കടയുടെ ഉടമയായ ഗിരിജയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു എന്നാണ് വിവരം. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും എത്തിയതെന്നാണ് കടയുടെ ഉടമ പറയുന്നത്.
മാത്രമല്ല സ്ത്രീ ഫോൺ വാങ്ങി കോൾ ചെയ്യുന്ന സമയത്ത് കൂടെ വന്ന വ്യക്തി കടയിൽ നിന്ന് ബിസ്‌ക്കറ്റും റസ്‌കും തേങ്ങയും വാങ്ങിയിരുന്നു എന്നും കടയുടെ ഉടമയായ ഗിരിജ പറയുന്നുണ്ട്.