'അബിഗേലുമായി എത്തിയത് കാറില്‍, ഡോര്‍ തുറന്ന് വിട്ടത് സ്ത്രീ': പ്രതികളെ കുടുക്കാന്‍ പൊലീസിന്റെ ഊര്‍ജ്ജിത ശ്രമം

New Update
abigel

കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് കാറിലെത്തിയ സംഘമെന്ന് ദൃക്‌സാക്ഷികള്‍. സമീപത്തെ അശ്വതി ബാറിന് മുന്നിലേക്ക് കാറിലെത്തിയ സംഘം, കുട്ടിയെ റോഡിലേക്ക് ഇറക്കുകയായിരുന്നു.

Advertisment

ഒരു സ്ത്രീയാണ് കുട്ടിയെ ഇറക്കിവിട്ടതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നാലെ ഇവര്‍ കാറുമായി രക്ഷപ്പെട്ടു. മൈതാനത്തേക്ക് അവശനിലയിലെത്തിയ കുട്ടിയെ ഡ്രൈവിങ് ടെസ്റ്റിനെത്തിയവര്‍ ശ്രദ്ധിക്കുകയായിരുന്നു.

ഒറ്റയ്ക്ക് നിന്ന കുട്ടിയോട് പേര് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അബിഗേലെന്ന് മറുപടി നല്‍കി. കുട്ടിക്ക് കുടിവെള്ളവും ബിസ്‌കറ്റും നല്‍കി. ഇന്നലെ രാത്രി ഒരു വീട്ടിലാണ് ഉറങ്ങിയതെന്ന് കുട്ടി ഇവരോട് പറഞ്ഞു.

തട്ടിക്കൊണ്ടുപോയവരെ ഒന്നും അറിയില്ല. അമ്മയേയും അച്ഛനേയും കാണണം. തനിക്കൊന്നും ഓര്‍മയില്ലെന്നും കുട്ടി പറഞ്ഞതായി ആശ്രാമം മൈതാനിയില്‍ എത്തിയവര്‍ വ്യക്തമാക്കി. 

കുട്ടി അബിഗേലാണെന്ന് ഉറപ്പിച്ചതോടെ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാർ ഉൾപ്പെടെ ഇവിടേയ്ക്കെത്തി. ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുട്ടി ആരോഗ്യവതിയാണെന്നാണ് വിവരം. ആവശ്യമായ മറ്റ് പരിശോധനകള്‍ നടത്തിയ ശേഷം കുടുംബത്തിന് കൈമാറും. കുട്ടി അമ്മയുമായും അച്ഛനുമായും സഹോദരുമായും വീഡിയോ കോളിലൂടെ സംസാരിച്ചിട്ടുണ്ട്. 

അബിഗേലിനെ കണ്ടെത്തിയതോടെ 20 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കുമാണ് വിരാമമായത്. പൊലീസ് അന്വേഷണം ശക്തമായതോടെ തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് നിഗമനം. ഇവർ കൊല്ലം ജില്ല വിട്ടുപോയിട്ടില്ലെന്നാണ് വിലയിരുത്തൽ.

Advertisment