/sathyam/media/media_files/8QvQMbo13QFMDsdM1jWg.jpg)
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന്. ഓട്ടോയിൽ വന്ന 2 അം​ഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി.
ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി. 7 മണിയോടെ ആണ് രണ്ട് പേരും എത്തിയത്. വന്നവർ ബിസ്ക്കറ്റും റസ്കുമാണ് വാങ്ങിയതെന്നും വ്യാപാരി വ്യക്തമാക്കുന്നു.
സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. പൊലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം. ഓയൂർ സ്വദേശി റജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.
ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. KL 01 3176 എന്ന വാഹനം കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.