/sathyam/media/media_files/9TCpsX6A4DR39CfDlsGK.jpg)
കൊല്ലം: തൊഴിൽ സ്ഥലങ്ങളിലെ മാനസിക പീഡനം എല്ലാ സീമകളും ലംഘിക്കുന്നു എന്ന് ആവർത്തിച്ച് തെളിയിക്കുന്നതാണ് പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ (41) ആത്മഹത്യ.
കാസർകോട്ടേക്ക് സ്ഥലംമാറ്റുമെന്ന് ഇടത് നേതാവായ അഡ്വക്കേറ്റിന്റെ ഭീഷണിയും തുടർച്ചയായ മാനസിക പീഡനം സഹിതമാണ് അനീഷ്യ ആത്മഹത്യ ചെയ്തത്. മജിസ്ട്രേറ്റിന് പരാതി അയയ്ക്കുകയും ശബ്ദ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു ജീവത്യാഗം.
സംഭവം വിവാദമായതോടെ പോലീസ് കേസെടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഷീബയോട് നിർദേശിച്ചു.
ചില സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥനിൽ നിന്നുമുള്ള പീഡനങ്ങൾ സംബന്ധിച്ച അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഡയറിക്കുറിപ്പും പോലീസിന് കിട്ടിയിട്ടുണ്ട്. തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി. മറ്റുള്ളവരുടെ മുന്നിൽവച്ച് അധിക്ഷേപിച്ചു.
അവർ പറയുന്ന കാര്യങ്ങൾക്ക് വഴങ്ങാത്തതാണ് വൈരാഗ്യത്തിന് കാരണം. ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച തെളിവുകൾ തന്റെ മൊബൈലിലുണ്ട്. നന്നായി ജോലി ചെയ്തിട്ടും അപമാനിച്ചു. ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് എ.പി.പി ഉദ്യോഗം നേടിയതെന്നും ശബ്ദസന്ദേശത്തിൽ അനീഷ്യ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.
അനീഷ്യയും പരവൂർ കോടതിയിലെ മറ്റൊരു എ.പി.പിയും തമ്മിൽ ജോലി സംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അനീഷ്യ ഇയാൾക്കെതിരെ പരാതി നൽകി. ഇതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അനീഷ്യയ്ക്കെതിരെ തിരിഞ്ഞു. ഇവർ പലതരത്തിൽ അനീഷ്യയെ സമ്മർദ്ദത്തിലാക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥയെന്ന് കുപ്രചാരണവും നടത്തി.
ഇതിനിടെ അനീഷ്യയ്ക്ക് എതിർപ്പുള്ള ഉദ്യോഗസ്ഥനെതിരെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷന് വിവരാവകാശ അപേക്ഷ ലഭിച്ചു. ഇതിനു പിന്നിൽ അനീഷ്യയാണെന്ന കുപ്രചാരണമുണ്ടായി. കഴിഞ്ഞ 19ന് കൊല്ലത്ത് വിളിച്ചുചേർത്ത ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ പരസ്യമായി വായിച്ചു.
വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. ഇതാണ് അനീഷ്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ 11.30നാണ് കുളിമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മാനസികപീഡനം വിശദീകരിച്ച് വനിതാ അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യയ്ക്ക് മുമ്പ് അനീഷ്യ ശബ്ദസന്ദേശം അയച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വാർത്തകളും ഓഡിയോ ക്ലിപ്പുകളും കെ. ഷീബയ്ക്ക് കൈമാറണമെന്ന് ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.
അനീഷ്യ വനിതാ അഭിഭാഷകർക്ക് അയച്ച ശബ്ദസന്ദേശം ഇങ്ങനെ''ഏറെ കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയത്. ഞങ്ങൾ രണ്ടുപേരുടെയും കുടുംബം സമ്പന്നരല്ല. സന്തോഷങ്ങളെല്ലാം ത്യജിച്ച് പഠിച്ചാണ് ഞങ്ങൾ രണ്ടുപേരും ജോലി വാങ്ങിയത്. ഇന്നുവരെ സത്യത്തിനെതിരെ നിന്നിട്ടില്ല. അനീതിക്ക് കൂട്ടുനിന്നിട്ടില്ല. ചെയ്യുന്ന കാര്യങ്ങൾ നൂറ് ശതമാനം ശരിയായിരിക്കണമെന്ന് എനിക്കുണ്ട്. ആരെയും മനപൂർവം ഉപദ്രവിക്കാൻ പോയിട്ടില്ല.
ജീവിച്ചിരിക്കേണ്ടെന്ന് തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തിൽ ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. അച്ഛനും അമ്മയ്ക്കും അസുഖങ്ങളുണ്ട്. എനിക്ക് ജോലി ചെയ്യാൻ പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
ഒരാൾക്ക് ലീവെടുക്കാതെ ഓഫീസിൽ വരാതിരിക്കാനുള്ള സഹായം ചെയ്തുകൊടുക്കാത്തതിന് മറ്റുള്ളവരുടെയെല്ലാം മുന്നിൽ വച്ച് എന്നെ അപമാനിച്ചു. ഈ നശിച്ച ലോകത്ത് ഞാൻ എന്തിന് ജീവിക്കണം. സത്യത്തിനും നീതിക്കും വിലയില്ലാത്തിടത്ത്.
രാവിലെ അഞ്ച് മണിക്ക് ജോലി തുടങ്ങുന്നതാ. എന്റെ ഭാഗത്ത് നിന്ന് സംസാരിക്കാൻ ആരുമില്ല. അന്യായത്തിന് വേണ്ടിയാണ് എല്ലാവരും കൂട്ടുനിൽക്കുന്നത്. എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്. സോറി...."