ജയിൽ മതി, ജാമ്യം വേണ്ട: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതികൾ ജാമ്യമെടുക്കാൻ കൂട്ടാക്കുന്നില്ല, പത്മകുമാറിൻ്റെ സംസാരം വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിനോട് മാത്രം

New Update
kidnapp

കൊല്ലം; ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളായ കെ ആർ പത്മകുമാർ, ഭാര്യ എം ആർ അനിതാകുമാരി, മകൾ അനുപമ എന്നിവർക്ക് ജാമ്യം വേണ്ടെന്ന് റിപ്പോർട്ടുകൾ.

Advertisment

പ്രതികൾ ഇതുവരെ ജാമ്യഹർജി നൽകാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. കുറ്റപത്രം നൽകാൻ സമയം അടുത്തതിനാൽ നിരവധി അഭിഭാഷകർ പ്രതികളെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരോടും പ്രതികൾ ജാമ്യം എടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. 

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നിട്ട് ഏകദേശം 50 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. കേസിൻ്റെ വിചാരണയും ഏകദേശം അടുത്തെത്തിക്കഴിഞ്ഞു. കേസിൽ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെങ്കിലും പ്രതികൾ ഇതുവരെ ജാമ്യം എടുക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

മൂന്ന് പ്രതികളും ജയിൽ ജീവിതം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴും ജാമ്യം ലഭിച്ചു പുറത്തിറങ്ങാനുള്ള യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. പ്രതികൾക്ക് പുറത്തിറങ്ങുന്നതിനോട് താല്പര്യം ഇല്ലെന്നാണ് മനസ്സിലാകുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരും പറയുന്നു.

അതേസമയം  90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്ന് പൊലീസ് അറിയിച്ചിരിക്കുകയാണ്. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്ന സമയം ഏകദേശം അടുത്തതിനാൽ  ഇനി വിചാരണ പൂർത്തിയാകാതെ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 

കേസിലെ ഒന്നാംപ്രതി പത്മകുമാർ കഴിയുന്നത് പൂജപ്പുര സെൻട്രൽ ജയിലാണ്. അട്ടക്കുളങ്ങര വനിത ജയിലിലാണ് അനിതകുമാരിയും അനുപമയുമുഉള്ളത്. പത്മകുമാറിൻ്റെ സെല്ലിൽ കിടക്കുന്ന കൂട്ടുപ്രതി മറ്റൊരു പ്രമുഖ കേസിലെ പ്രതിയാണ്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപാണ് പത്മകുമാറിനൊപ്പമുള്ളത്. അതേസമയം അനിതകുമാരിയും മകൾ അനുപമയും ഒരേ സെല്ലിൽ തന്നെയാണ് കഴിയുന്നത്. അവർക്കൊപ്പം രണ്ട് തമിഴ് വനിത തടവുകാരുമുണ്ട്. 

Advertisment