/sathyam/media/media_files/2025/10/22/vision-2031-kadakkal-2025-10-22-13-57-01.jpg)
കടയ്ക്കല്‍: മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ വെല്ലുവിളികളെ അതിജീവിച്ച് പാല്‍, മുട്ട, ഇറച്ചി ഉല്‍പാദനത്തില്‍ സുസ്ഥിരമാതൃക രൂപപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.
വിഷന്‍ 2031 സെമിനാര്‍പരമ്പരയുടെഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ കടയ്ക്കല്‍ ഗാഗോ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രവാസിമലയാളികളെയും സംരംഭകരെയും ആകര്‍ഷിക്കാന്‍ ഡയറി സ്റ്റാര്‍ട്ട്അപ് ഗ്രാമങ്ങളും കിടാരിപാര്‍ക്കുകളും തുടങ്ങും. നിലവിലുള്ള പൈക്കളുടെ ജനിതകമേന്മ ഉയര്‍ത്തിയും വര്‍ഷംതോറും പിറന്നുവീഴുന്ന പശുക്കിടാങ്ങളെ സംരക്ഷിച്ചും പാല്‍സ്വയംപര്യാപ്തത നേടാന്‍ കഴിയും.
അസംഘടിത ഇറച്ചി ഉല്പാദനമേഖല ഉടച്ചുവാര്‍ക്കും. ഇറച്ചിക്കോഴികളെ കൂട്ടമായിവളര്‍ത്തുന്ന 1000 ബ്രോയ്‌ലര്‍ ഗ്രാമങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും. എല്ലാ ബ്ലോക്കുകളിലും ശാസ്ത്രീയ മാംസവില്പന സ്റ്റാളും ജില്ലകളില്‍ അറവുശാലാഉപോല്പന്ന വ്യവസായങ്ങളും സാധ്യമാക്കുന്ന റെന്‍ഡറിംഗ് പ്ലാന്റുകളും സ്ഥാപിക്കും.
കാലിപ്രജനനം, മൃഗചികിത്സ, പദ്ധതി ആസൂത്രണ നിര്‍വഹണം എന്നിവയില്‍ നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തും.
പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് മുന്നേറുന്ന കേരളത്തിന് 2031 ഓടെ പാല്‍ ഉല്‍പ്പാദനം 70 ലക്ഷം ലിറ്ററില്‍ നിന്ന് 95 ലക്ഷമായി വര്‍ധിപ്പിക്കുകയും പശുക്കളുടെഉല്‍പ്പാദനക്ഷമത 10.79 ലിറ്ററില്‍ നിന്ന് 12 ലിറ്റര്‍ ആക്കുകയുമാണ് ലക്ഷ്യം.
ദിനംപ്രതി ആഭ്യന്തര മുട്ട ഉല്‍പ്പാദനം 60 ലക്ഷത്തില്‍ നിന്ന് 84 ലക്ഷമായി ഉയര്‍ത്തുകയും മാംസോല്‍പ്പാദനം 40% വര്‍ധിപ്പിക്കുകയും ചെയ്ത് മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഇറക്കുമതിആശ്രിതത്വം കുറയ്ക്കുകയുംവേണം.
ലക്ഷ്യങ്ങള്‍കൈവരിക്കുന്നതിലൂടെ കര്‍ഷകരുടെയും സംരംഭകരുടെയും വരുമാനം ഇരട്ടിയാക്കുകയാണ് വിഷന്‍ 2031 വിഭാവനംചെയ്യുന്നത് എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകവിപണിയിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ പാലും ഇറച്ചിയും കയറ്റുമതിചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. പാല്‍, മാംസം എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.
എട്ട് ലക്ഷം കുടുംബങ്ങളാണ് പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 3600 ക്ഷീരസംഘങ്ങളിലായി രണ്ട് ലക്ഷം കര്‍ഷകര്‍ പാല്‍ അളക്കുന്നുണ്ട്. 2021-2022 മുതല്‍ 2023-24 വരെയുള്ള മൃഗസംരക്ഷണ, ക്ഷീരമേഖലയുടെ വികസനത്തിനായി 439 കോടി രൂപയാണ് മാറ്റിവച്ചത്.
തദ്ദേശസ്ഥാപനങ്ങള്‍ വഴി 348 കോടി രൂപയും മാറ്റിവച്ചു. സാങ്കേതികവിദ്യവികസിപ്പിച്ച് കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ കൂടി ഭക്ഷ്യനിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
പാലുല്പാദനരംഗം, മുട്ട-മാംസ ഉല്പാദനരംഗം എന്നിങ്ങനെ രണ്ടു വിഷയ മേഖലകളിലായി സെമിനാറുകള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചു.