/sathyam/media/media_files/RBZMX8KgF7Wt3ZhYjxju.jpg)
കൊല്ലം: മരുമകള്‍ വയോധികയെ മര്‍ദിക്കുന്ന വൈറല്‍ വീഡിയോയിലെ വില്ലത്തി അറസ്റ്റില്‍. കൊല്ലം തേവലക്കരയില്‍ ഹയര്‍ സെക്കന്‍ററി അധ്യാപികയായ മഞ്ജുമോള്‍ തോമസാണ് ഭര്‍തൃമാതാവിനെ മര്‍ദിക്കുകയും തള്ളി താഴെയിടുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത്. തേവലക്കര നടുവിലക്കരയിൽ 80 കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ ക്രൂര മര്‍ദനമേറ്റത്.
ഫേസ്ബുക്കും വാട്സാപ്പും വഴി വൈറലായ വീഡിയോയിലെ ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിധമുള്ളതായിരുന്നു.
ഏലിയാമ്മയെ കസേരയില്‍ നിന്നും തള്ളി താഴെയിടുകയും മര്‍ദിക്കുകയും വീട്ടില്‍ നിന്നും ഇറങ്ങി പോകാനും പറയുന്നത് വീഡിയോയിലുണ്ട്.
വീടിനുള്ളിലുള്ളവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. വഴക്കിനൊന്നും പോകേണ്ടെന്ന് വീടിനുള്ളില്‍ മകനോട് വയോധിക പറയുന്നതും വീഡിയോയിലുണ്ട്. വയോധിക ഇറങ്ങിപ്പോകാന്‍ ഒരുങ്ങുന്നത് അധ്യാപികയായ മരുമകളും മൊബൈലില്‍ ചിത്രീകരിക്കുന്നുണ്ട്. നവമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ ആളുകള്‍ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസില്‍ അറിയിക്കുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് വന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ഭര്‍തൃമാതാവിനെതിരെയുള്ള മര്‍ദനം. ഭര്‍ത്താവിന്‍റെ സുഹൃത്താണ് വീഡിയോ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് എന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം വരെയും ഈ വൃദ്ധയ്ക്കെതിരെ ഇവരുടെ മര്‍ദനവും ക്രൂരമായ പീഢനവും അരങ്ങേറിയതായാണ് വൃദ്ധ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഷൂ ഇട്ട് കാലില്‍ ചവിട്ടുകയും തലമുടികെട്ടിന് പിടിച്ച് വലിക്കുകയും മര്‍ദിക്കുകയും ചെയ്തതായാണ് വൃദ്ധയുടെ മൊഴി.