/sathyam/media/media_files/Bw8Yes6nrBFDbyEaDOzt.jpg)
പുനലൂര്‍: അടിസ്ഥാന നികുതി രേഖയുടെ (ബിടിആർ) മൂന്നു പകർപ്പുകൾ ഒമ്പത് രൂപക്ക് അപേക്ഷകന് നല്കാൻ സംസ്ഥാന സർക്കാറിന്റെ ഉത്തരവുള്ളപ്പോൾ റവന്യൂ വകുപ്പ് വാങ്ങിയത് 765 രൂപ.
ഒരു സെറ്റിൽമെൻറ് രജിസ്റ്ററിന്റെ പകർപ്പിന് നിയമപ്രകാരം അടയ്ക്കേണ്ട ഫീസ് അഞ്ച് രൂപ. എന്നാൽ റവന്യൂ വകുപ്പ് വാങ്ങിയത് 255 രൂപ. ഫീല്‍ഡ് മെഷർമെൻറ് ബുക്കിന്റെ (എഫ്എംബി) ഒരു പേജ് പകർപ്പിന് അഞ്ച് രൂപ നിശ്ചയിച്ചിട്ടുള്ള സ്ഥാനത്ത് ആറെണ്ണത്തിന് ഈടാക്കിയത് 3000 രൂപ.
ഇതിനെല്ലാം റവന്യൂ വകുപ്പിന്റെ നിർദ്ദേശമുണ്ടെന്ന പുനലൂർ തഹസീൽദാരുടെ മൊഴി തള്ളിയ വിവരാവകാശ കമ്മിഷൻ അധികമായി വാങ്ങിയ 3976 രൂപ തിരികെ നല്കാൻ ഉത്തരവായി. മേലിൽ ഇതാവർത്തിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന തടപടിയുണ്ടാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ.
സർക്കാർ ഫീസ് നിശ്ചയിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെയും ഇതര രേഖകളുടെയും പകർപ്പിന് വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുമ്പോൾ ഒറിജിനൽ രേഖക്ക് നിശ്ചയിച്ചിട്ടുള്ള അതേതുക തന്നെ ഫീസായി ഈടാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് റവന്യൂ വകുപ്പ് നല്കിയ നിർദ്ദേശമാണ് പുതിയ പ്രശ്നങ്ങൾക്ക് വഴി തുറന്നത്. റവന്യൂ വകുപ്പിന്റെ നിർദ്ദേശം ചട്ടവിരുദ്ധമാണെന്ന് വിവരാവകാശ കമ്മിഷൻ വിലയിരുത്തി.
യഥാർത്ഥ നിരക്കിന്റെ നൂറിരട്ടി വാങ്ങാൻ നിർദ്ദേശിച്ചുകൊണ്ട് സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കുവേണ്ടി അണ്ടർ സെക്രട്ടറി പുറപ്പെടുവിച്ച 26426 / ഇ 1/റ.വ നമ്പർ ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ. നടപ്പിലാക്കിയില്ലെങ്കിൽ അത് പേഴ്സണൽ ലയബലിറ്റിയാക്കി വകുപ്പുതല നടപടിയുണ്ടാകുമെന്ന് വിശദീകരണം.
എന്നാൽ ഈ നിർദ്ദേശം വിവരാവകാശ നിയമത്തിന് എതിരും കുറഞ്ഞ ചെലവിൽ പൗരന് വിവരം ലഭ്യമാക്കുക എന്ന ഉത്തമ താല്പര്യത്തിന്റെ ലംഘനവുമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിമിന്റെ ഉത്തരവിൽ പറയുന്നു.
അധികമായി വാങ്ങിയ തുക തഹസീൽദാർ സർക്കാർ ഫണ്ടിൽ നിന്ന് തിരികെ നല്കണം. ഡിസംബർ 15 നകം തുക ഹരജിക്കാരന് നല്കിയ ശേഷം ഈ മാസം 20 നകം റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷൻ നിർദ്ദേശിച്ചു.
രേഖാപകർപ്പുകൾ നല്കേണ്ടത് വിവരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. അത് മറ്റ് കാര്യങ്ങൾക്ക് വിനിയോഗികവഴി ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് 'വിവരാവകാശ നിയമപ്രകാരം നലുന്നത് ' എന്ന സീൽ വച്ച് അറ്റസ്റ്റ് ചെയ്തു നല്കാൻ നിർദ്ദേശമുള്ളത്.
പോരെങ്കിൽ ദുരുപയോഗം തടയാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കാൻ വകുപ്പു മേധാവിക്ക് സ്വാതന്ത്യം ഉണ്ടെന്നിരിക്കെ ഇത്തരം നിർദ്ദേശങ്ങൾ ഇറക്കി ആർടിഐ നിയമത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് ഭൂഷണമല്ലെന്നും വിവരം മറച്ചുവയ്ക്കാൻ തല്പരരായ ഉദ്യോഗസ്ഥർ അത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഈ നീക്കം രാജ്യതാല്പര്യത്തിനും പൗരന്മാരുടെ അവകാശത്തിനും എതിരാണെന്നും കമ്മിഷണറുടെ ഉത്തരവ് പറയുന്നു.
സമാനമായൊരു സർക്കുലർ പൊതുഭരണ ഏകോപന വകുപ്പ് 18.2.2022 ൽ 24/ സിഡിഎൻ 5 / 2021 നമ്പരായി പുറപ്പെടുവിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ച് അധിക ഫീസ് ചോദിച്ച കണ്ണൂർ സർവ്വകലാശാലയുടെ നടപടി തെറ്റാണെന്നും പകർപ്പിന് ആർടിഐ നിയമപ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാവൂ എന്ന കമ്മിഷൻ നിലപാട് ഡബ്ല്യുപി(സി) 3243 /2023 നമ്പർ കേസിൽ ഹൈക്കോടതി ശരിവച്ചതും കമ്മിഷന്റെ ഉത്തരവിൽ ഉദ്ധരിക്കുന്നുണ്ട്.
രാജ്യത്താകെ ഒരേ മാതൃകയിൽ നടപ്പിലാക്കിവരുന്ന വിവരാവകാശ നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള നിർദ്ദേശങ്ങളാണ് ആർടിഐ അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ നടപ്പിൽ വരുത്തേണ്ടതെന്നും അല്ലാത്തവർ ശിക്ഷാർഹരാണെന്നും കമ്മിഷണർ അബ്ദുൽ ഹക്കിം ഉത്തരവിൽ വ്യക്തമാക്കി.
റവന്യൂ വകുപ്പിന്റെ 26426 / ഇ 1 /റ.വ നമ്പർ കത്തിൽ സർവേ ഡയറക്ടർ, ലാൻറ് റവന്യൂ കമ്മിഷണർ എന്നിവർക്കുള്ള നിർദ്ദേശ പ്രകാരം ഇങ്ങനെ അധികതുക വാങ്ങിയ പുനലൂർ താലൂക്ക് ഓഫീസിലെ വിരമിച്ച ഉദ്യോഗസ്ഥ അനീസ ബീവിയെ കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസയച്ച് വിളിപ്പിച്ചു.
അഞ്ചൽ തഴമേൽ അഭിരാമത്തിൽ അഡ്വ. എസ് . ബാബുവാണ് കൊല്ലം കലക്ടറേറ്റിലെ ഹിയറിംഗിൽ കമ്മിഷൻ മുമ്പാകെ പരാതിയുമായി എത്തിയത്.
വിവിധ വകുപ്പുകളുടെ ഇത്തരം നിർദ്ദേശങ്ങൾ കാരണം ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. പകർപ്പിന് ഫീസ് കുറച്ചു കൊടുത്താൽ ഓഡിറ്റ് പിടിക്കും. തുക കൂട്ടി വാങ്ങിയാൽ ആർടിഐ നിയമപ്രകാരം ശിക്ഷിക്കപ്പെടും. ഫൈനും അടക്കേണ്ടിവരും. മിക്ക ജില്ലകളിലും ആർഡിഒമാർ ഉൾപ്പെടെ പല ഉന്നത ഉദ്യോഗസ്ഥരും ഇതിനകം 25000 രൂപ വരെ ഫൈൻ അടച്ചിട്ടുണ്ട്.
ഒറിജിനൽ സർട്ടിഫിക്കറ്റുകൾക്ക് വാങ്ങുന്ന അതേ ഫീസ് അതിന്റെ ഫോട്ടോസ്റ്റാറ്റിനും വാങ്ങുന്നത് ന്യായമല്ലെന്നാണ് എല്ലാവരുടെയു പക്ഷം. പകർപ്പുകൾ ആർടിഐ നിയമ പ്രകാരമുള്ള മൂന്നു രൂപ നിരക്കിൽ നല്കണമെന്നത് സ്വാഭാവിക നീതിയാണെന്ന് സർവ്വീസ് സംഘടനാ ഭാരവാഹികളും പറയുന്നു.
അതേസമയം ആർടിഐ നിയമം രാജ്യമൊട്ടാകെ നടപ്പിലാക്കികൊണ്ടിരിക്കുന്നത് പൊതുമാനദണ്ഡത്തിലാണെന്നും അതിന് മാററം വരുത്താൻ പാർലമെന്റിൽ ഭേദഗതി കൊണ്ടുവന്നാലേ സാധ്യമാകൂ എന്നുമാണ് വിവരാവകാശ കമ്മിഷന്റെ നിലപാട്.
അത് ഈ ഉത്തരവിൽ വ്യക്തമാക്കുന്നുമുണ്ട്. വിവിധ വകുപ്പുകൾ ഇങ്ങനെ സ്വന്തം നിലയ്ക്ക് ഉത്തരവുകൾ ഇറക്കുന്ന സാഹചര്യത്തിൽ കേന്ദ്ര നിയമ നിർമ്മാണത്തിലൂടെ വിവരാവകാശ നിയമത്തിനുള്ള അതിപ്രഭാവം ശക്തമായിതന്നെ നിലനിർത്താനാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ തീരുമാനം.