/sathyam/media/media_files/m5AHq0JfKMKs6wXqN66l.jpg)
കൊല്ലം കൊട്ടാരക്കരയിലുള്ള സ്വകാര്യ ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ ക്രമക്കേട് നടത്തി ജീവനക്കാര്‍ 3.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ 2 ജീവനക്കാര്‍ പൊലീസ് പിടിയില്‍. ബാര്‍ ഹോട്ടല്‍ ജീവനക്കാരായ നെല്ലിക്കുന്നം സ്വദേശി രതിന്‍, വിളങ്ങര സ്വദേശി ശ്രീരാജ് എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തത്. കൊട്ടാരക്കരയിലുള്ള അമ്പലക്കര ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാര്‍ ഹോട്ടലിലാണ് സാമ്പത്തിക തിരിമറി കണ്ടെത്തിയത്. സ്ഥാപനത്തിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് സംബന്ധിച്ച സൂചന ലഭിച്ചത്.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിലെ ക്യാഷ്യര്‍മാരായ ഇരുവരുടെയും ബാങ്ക് അക്കൗണ്ട് ഓഡിറ്റ് വിഭാഗം രഹസ്യമായി പരിശോധിച്ചു. തട്ടിപ്പു നടന്ന 2024 ഏപ്രില്‍ 16 മുതല്‍ ഓഗസ്റ്റ് 12 വരെയുള്ള കാലയളവില്‍ രതിന്റെ അക്കൗണ്ടിലേക്ക് വന്‍തുക എത്തിയിരുന്നതായി സ്ഥിരീകരിച്ചു.
കേസിലെ മറ്റൊരു പ്രതിയായ ശ്രീരാജിന്റെ അക്കൗണ്ടിലേക്കും സ്ഥാപനത്തിലെ മറ്റ് രണ്ട് സ്റ്റാഫുകള്‍ക്കും ഈ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിട്ടുണ്ടെന്നും തുടര്‍പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ബാര്‍ ഹോട്ടല്‍ ഉടമ പൊലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കൊട്ടാരക്കര പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. പ്രതികള്‍ കൂടുതല്‍ ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ഇപ്പോള്‍ പൊലീസ്.