സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കൊട്ടാരക്കരയിൽ വന്‍ സ്വീകരണം. കേന്ദ്ര സർക്കാരിന്റെ കഴിവില്ലായ്മ ജനങ്ങൾക്ക് ബോധ്യപ്പെട്ടതായി ശശി തരൂർ എംപി

New Update
sasi tharoor kollam-2

കൊട്ടാരക്കര: രാജ്യത്തെ ജനങ്ങൾക്ക് ബിജെപി സർക്കാരിന്റെ കഴിവില്ലായ്മ ബോധ്യപ്പെട്ടതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

ബിജെപിക്ക് കിട്ടാനുള്ള പരമാവധി സീറ്റ് 2019-ൽ ലഭിച്ചു കഴിഞ്ഞു. പത്തുവർഷം മുമ്പ് മോദി അധികാരത്തിലേറുമ്പോൾ ഒരു വർഷം രണ്ടുകോടി യുവാക്കൾക്ക് ജോലി നൽകുമെന്ന് പറഞ്ഞിരുന്നു. തൊഴിലവസരം സൃഷ്ടിച്ചില്ലെന്ന്  മാത്രമല്ല നിലവിലുള്ള ജോലി നഷ്ടപ്പെടുന്ന സാഹചര്യവും രാജ്യത്തുണ്ടായി.

തൊഴിൽ രഹിതരുടെ കണക്ക് പരിശോധിച്ചാൽ ഇപ്പോഴത് 44. 5% ആയി ഉയർന്നു. ഉത്തർപ്രദേശിൽ 60,000 പോലീസ് കോൺസ്റ്റബിൾ മാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. 43 ലക്ഷം പേരാണ് ജോലിക്കായി അപേക്ഷിച്ചത്. ചോദ്യപേപ്പർ സ്വന്തം പാർട്ടിക്കാർക്ക് ചോർത്തിക്കൊടുത്തുവെന്ന് തെളിഞ്ഞതോടെ പരീക്ഷ റദ്ദാക്കുകയും ചെയ്തു.

യുപിഎ സർക്കാർ കൊണ്ടുവന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയാണ് ഏകാശ്വാസം. ജനങ്ങളുടെ ക്ഷേമമല്ല സർക്കാർ ഉദ്ദേശിക്കുന്നത് മറിച്ച് അവരുടെ മനസ്സു മാറ്റി അധികാരത്തിലേറാനുള്ള തന്ത്രമാണ് അവർ പ്രയോഗിക്കുന്നത്. ക്ഷേത്രം നിർമ്മിക്കുന്നതല്ല സർക്കാരിന്റെ ജോലി. പ്രധാനമന്ത്രിയെ നാം കാണുന്നത് മത പുരോഹിതനായിട്ടല്ല.ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ എന്ന അപകടകരമായ ആശയമാണ് മതേതര ഭരതത്തിൽ ബിജെപി മുന്നോട്ടുവെക്കുന്നത്.

ഫാ.സ്റ്റാൻ സ്വാമി എന്ന പുരോഹിതൻ വെള്ളവും മരുന്നും ലഭിക്കാതെ ജയിലിൽ മരിച്ചു. രാജ്യാന്തര വേദികളിൽ നമ്മുടെ രാജ്യത്തിന് മോദി സർക്കാർ ദുഷ്പേരുണ്ടാക്കി. മതാധിഷ്ഠിതമായി ജനങ്ങളെ വിഭജിക്കാൻ നിയമങ്ങൾ ഉണ്ടാക്കി. ഇതെല്ലാം തിരുത്തി ഭാരതത്തെ വീണ്ടെടുക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണം. അതിനുള്ള സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. 

കഴിവുകെട്ട കേരള സർക്കാരിനെതിരെ കൂടിയുള്ള സമരമാണിത്.കേരളത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞും 1.5 ലക്ഷം രൂപ കടത്തിലാണ്. വീണ്ടും കടമെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. നിത്യോപയോഗ സാധനങ്ങളുടെയും വിലയും സർക്കാർ സേവനങ്ങളുടെ നിരക്കും കുത്തനെ ഉയരുകയാണ്. വരുമാനം മാത്രം ഉയരുന്നില്ല. ജനജീവിതം ദുസഹമായിരിക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു.

vd sasheesan kollam

ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട തിരഞ്ഞെടുപ്പാണ് ഈ വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നൂറുകണക്കിന് സ്വതന്ത്ര സമര സേനാനികളുടെ തകർക്കപ്പെട്ട അസ്ഥിയും ചതഞ്ഞരത്ത മാംസവും വെള്ളവും വളവുമാക്കി നേടിയെടുത്തതാണ് മതേതര ഭാരതം. അവരുടെ ചോരയിൽ എഴുതിയതാണ് ജനാധിപത്യം മതേതരത്വം എന്നീ വാക്കുകൾ. അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ കോൺഗ്രസ് പ്രവർത്തകനുമുണ്ട്. 

ചരിത്രപരമായ ആ ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. വർഗീയ ഫാസിസ്റ്റ് ശക്തികളെ ഭാരതത്തിന്റെ മണ്ണിൽ കുഴിച്ചുമൂടുന്നതോടൊപ്പം നമ്മുടെ സംസ്ഥാനത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയ പിണറായി വിജയനെതിരയുള്ള വിധിയെഴുത്ത് കൂടിയായിരിക്കണം ഈ തെരഞ്ഞെടുപ്പ്. സംസ്ഥാനം കടത്തിൽ മുങ്ങി നിൽക്കുമ്പോഴും ധൂർത്ത് നടത്തുകയാണ് സർക്കാരെന്ന് സതീശൻ ആരോപിച്ചു.

കോൺഗ്രസ് വിമുക്ത രാജ്യമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിലെ സിപിഎമ്മുമായി ബിജെപി ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്ന് കെ.സുധാകരൻ പറഞ്ഞു. ഈ അവസരം മുതലെടുത്ത് പിണറായി വിജയൻ പണമുണ്ടാക്കുകയാണ്. ലാവലിൻ കേസ്,സ്വർണ്ണ കടത്ത് കേസ്, ഭവന നിർമ്മാണ അഴിമതി, മകളുടെ മാസപ്പടിക്കേസ് ഇതിലെല്ലാം പിണറായിയെ സംരക്ഷിക്കുന്നത് ബിജെപിയാണ്.

k sudhakaran kollam

തിരിച്ചും ഡ്രൈവ് ചെയ്യാൻ ബിജെപി നേതൃത്വത്തിന് ചില സഹായങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. ബിജെപി നേതാവ് സുരേന്ദ്രനെയും മകനെയും കുഴൽപ്പണക്കേസിൽ പിടികൂടിയപ്പോൾ സംരക്ഷിച്ചത് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. 

ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, പ്രേമചന്ദ്രൻ, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്,സി.ആർ.മഹേഷ്, സജീവ് ജോസഫ്, വി.പി.സജീന്ദ്രൻ,എം.എം.നസീർ, ജെബി മേത്തർ,ദീപ്തി മേരി വർഗീസ്,എം.എം. നസീർ,പഴകുളം മധു,ടി.സിദ്ധിഖ്, കെ.പി. ശ്രീകുമാർ,നെയ്യാറ്റിൻകര സനൽ എന്നിവർ പ്രസംഗിച്ചു.

Advertisment