Advertisment

ഹാട്രിക് വിജയം തികയ്ക്കാൻ പ്രേമചന്ദ്രൻ. തടയിടാൻ വെള്ളിത്തിരയിലെ താരങ്ങളെ ഇറക്കി എൽ.ഡി.എഫും എൻ.ഡി.എയും. മുകേഷിനും കൃഷ്ണകുമാറിനും കിട്ടുന്ന കൈയടിയും ആൾക്കൂട്ടവും വോട്ടായി മാറുമോ ? മോഡി ബന്ധം പറഞ്ഞ് ന്യൂനപക്ഷ വോട്ടുകൾ പ്രേമചന്ദ്രന് എതിരാക്കാനും നീക്കം. അടിയൊഴുക്കുകൾ വിധി നിശ്ചയിക്കുന്ന കൊല്ലത്ത് നടക്കുന്നത് കടുത്ത അങ്കം

താരപ്പൊലിമയുള്ള പോരാട്ടമാണ് കൊല്ലത്ത് ഇത്തവണ നടക്കുന്നത്. പക്ഷേ, അടിയൊഴുക്കുകൾ ശക്തമായ മണ്ഡലത്തിൽ മുന്നണികളെല്ലാം കരുതലോടെയാണ്. ജനകീയതയും മണ്ഡലത്തിൽ സുപരിചിതനെന്ന പേരും പ്രേമചന്ദ്രന് തുണയാവുന്നു. രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം നേടിയ പ്രേമചന്ദ്രൻ പ്രചാരണം നാല് ലാപ്പ് പൂർത്തിയാക്കിക്കഴിഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
mukesh nk premachandran g krishnakumar

കൊല്ലം: ഹാട്രിക് തികയ്ക്കാനിറങ്ങുന്ന യു.ഡി.എഫിലെ എൻ.കെ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാൻ രണ്ട് താരങ്ങളെ ഇറക്കിയാണ് ഇടത്, എൻ.ഡി.എ മുന്നണികളുടെ കൊല്ലത്തെ പരീക്ഷണം. ചലച്ചിത്ര താരവും എം.എൽ.എയുമായ എം.മുകേഷ് കൊല്ലം നിറഞ്ഞ് പ്രചാരണത്തിലാണ്. അൽപ്പം വൈകിയെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറും കാടിളക്കി പ്രചാരണത്തിലാണ്.

Advertisment

താരപ്പൊലിമയുള്ള പോരാട്ടമാണ് കൊല്ലത്ത് ഇത്തവണ നടക്കുന്നത്. പക്ഷേ, അടിയൊഴുക്കുകൾ ശക്തമായ മണ്ഡലത്തിൽ മുന്നണികളെല്ലാം കരുതലോടെയാണ്. ജനകീയതയും മണ്ഡലത്തിൽ സുപരിചിതനെന്ന പേരും പ്രേമചന്ദ്രന് തുണയാവുന്നു. രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം നേടിയ പ്രേമചന്ദ്രൻ പ്രചാരണം നാല് ലാപ്പ് പൂർത്തിയാക്കിക്കഴിഞ്ഞു.


കിഴക്ക് തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽ മുതൽ വടക്ക് ചവറ കന്നേറ്റി പാലം വരെയാണ് കൊല്ലം മണ്ഡലം. 2014ൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെയും 2019ൽ ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെയും തോൽപ്പിച്ചാണ് പ്രേമചന്ദ്രൻ ലോകസഭയിലെത്തിയത്.


അതിനാൽ ഇത്തവണ പാർട്ടി അംഗമല്ലാത്ത വെള്ളിത്തിരയിലെ താരമായ മുകേഷിനെയാണ് ഇടതുമുന്നണി സി.പി.എം ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17611 ഭൂരിപക്ഷമുണ്ടായിരുന്ന മുകേഷിന് കഴിഞ്ഞ തവണ കിട്ടിയത് 2072 വോട്ടിന്റെ ഭൂരിപക്ഷം മാത്രം.

കണക്കുകൾ ഇങ്ങനെയാണെങ്കിലും കൊല്ലത്തെ രാഷ്ട്രീയ പോരിനെ വേറിട്ടതാക്കുന്നത് ശക്തമായ അടിയൊഴുക്കുകളാണ്. താര സ്ഥാനാർത്ഥിയെ ഇറക്കി ഇത്തവണ കൊല്ലം തിരിച്ചുപിടിക്കാൻ പാർട്ടിയും ഇടതുമുന്നണിയും പൊരിഞ്ഞ പോരിലാണ്. വിട്ടുകൊടുക്കാതെ ഹാട്രിക് ഉറപ്പിക്കാൻ പ്രേമചന്ദ്രനും യു.ഡി.എഫും കച്ചമുറുക്കിയതോടെ കൊല്ലത്തെ അങ്കത്തിന് വാശിയേറി.

അഭിപ്രായ സർവേകളിലെല്ലാം പ്രേമചന്ദ്രനാണ് മുന്നിൽ. 2014മുതൽ തുടരുന്ന വിജയം ഇത്തവണയും പ്രേമചന്ദ്രന്റെ കൈകളിലായിരിക്കുമെന്നാണ് സർവേകൾ. എന്നാൽ കൊല്ലത്തുകാർ എങ്ങനെ വിധിയെഴുതുമെന്ന് കണ്ടറിയണം. അജയ്യരെന്ന് പേരുകേട്ട പല നേതാക്കളും കൊല്ലത്തെ അടിയൊഴുക്കിൽ കൊല്ലത്ത് കടപുഴകി വീണിട്ടുണ്ട്. പരാജയം ഉറപ്പിച്ച പലരും അട്ടിമറി വിജയം നേടിയിട്ടുണ്ട്. ഇതാണ് കൊല്ലം പോരിനെ വ്യത്യസ്തമാക്കുന്നത്.

പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവവും വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം. മുകേഷിനും എൻ.ഡി.എ സ്ഥാനാർത്ഥിയായ ജി. കൃഷ്ണകുമാറിനും താര പരിവേഷമുണ്ട്. ഇവർ വോട്ട് ചോദിച്ചെത്തുമ്പോൾ താരം എന്ന നിലയിൽ പ്രത്യേക സ്വീകാര്യത ലഭിക്കുന്നുമുണ്ട്. ഇടത് വോട്ടിനൊപ്പം താരമെന്ന നിലയിലുള്ള സ്വീകാര്യത കൂടി വോട്ടായി മാറിയാൽ പ്രേമചന്ദ്രനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും.


ചവറ, പുനലൂ‌ർ, ചടയമംഗലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലത്തുള്ളത്. ഇതിൽ കുണ്ടറ ഒഴികെയുള്ളതെല്ലാം എൽ.ഡി.എഫ് ഭരണത്തിലാണ്. 2014ലും 2109ലും ലോക്സഭാ മണ്ഡലപരിധിയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കൈപ്പിടിയിൽ ആയിരിക്കുമ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയ പ്രേമചന്ദ്രൻ കൊല്ലത്ത് വിജയിച്ചത്.


അതുവരെ എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന പ്രേമചന്ദ്രൻ ഒരു സുപ്രഭാതത്തിൽ മുന്നണി മാറി യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടും അദ്ദേഹത്തിന് വിജയം നേടാനായി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇക്കുറി വോട്ട് ചെയ്യുന്നത് 21 ലക്ഷം വോട്ടർമാരാണ്. ഇതിൽ 22,795 പേർ കന്നിവോട്ടർമാരാണ്.

ഇത്തവണ പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് ഏറെയും. 11.01 ലക്ഷം സ്ത്രീവോട്ടർമാരാണ് പട്ടികയിലുള്ളത്. പുരുഷന്മാരുടെ എണ്ണം 9.98 ലക്ഷം. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 19 വോട്ടർമാരുണ്ട്. ഏറ്റവും അധികം വോട്ടർമാരുള്ളത് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും കുറവ് കൊല്ലം മണ്ഡലത്തിലുമാണ്.


കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ മൂന്ന് മുന്നണികളും കൂടുതൽ കളത്തിലിറക്കിയിട്ടുള്ളത് മുന്നാക്ക വിഭാഗക്കാരെയാണ്. എന്നാൽ ഇത്തവണ ഈഴവ വോട്ടുകളുടെ അടിയൊഴുക്ക് ലക്ഷ്യമിട്ടു കൂടിയാണ് എൽ.ഡി.എഫ് എം. മുകേഷിനെ കളത്തിലിറക്കിയിരിക്കുന്നത്. ഈഴവ വോട്ടുകൾ ബി.ജെ.പിക്ക് പോകുന്നത് തടയുക എന്ന ലക്ഷ്യവുമുണ്ട്. ന്യൂനപക്ഷ വോട്ടുകളും മണ്ഡലത്തിൽ നിർണായകമാണ്.


  2014ൽ എം.എ. ബേബിയെ വീഴ്ത്തിയ ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്ക് 2019ൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഞെട്ടിക്കുന്നതാക്കി. മുസ്ലീം വോട്ടുകളുടെ ഏകീകരണം തടയാൻ 2019ൽ പ്രേമചന്ദ്രന് ആർ.എസ്.എസ് ബന്ധമുണ്ടെന്നുള്ള പ്രചരണം എൽ.ഡി.എഫ് ശക്തമാക്കിയെങ്കിലും ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്ക് തടയാനായില്ല.

എന്നാൽ ഇത്തവണ ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്ക് തടയാനല്ല, പ്രേമചന്ദ്രനെതിരെ വഴിതിരിച്ച് വിടാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. പ്രേമചന്ദ്രൻ മോദിയുടെ വിരുന്നിൽ പങ്കെടുത്തതും മോദിയെ പുകഴ്ത്തിയതും എൽ.ഡി.എഫ് ന്യൂനപക്ഷ മേഖലകളിൽ ശക്തമായ പ്രചരണായുധമാക്കിയിട്ടുണ്ട്.

പൗരത്വ നിയമഭേദഗതി, മണിപ്പൂർ പ്രശ്നം അടക്കമുള്ള പ്രശ്നങ്ങളിൽ പ്രേമചന്ദ്രൻ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളും ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫിന്റെ പ്രതിരോധം.

Advertisment