കൊല്ലം: കുണ്ടറയിൽ അഞ്ചു വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ഇളമ്പള്ളൂർ ഏജന്റ് മുക്കിൽ തിലകൻ-ഇന്ദു ദമ്പതികളുടെ മകൻ നീരജിനാണ് പരിക്കേറ്റത്. ജന്മനാ ഇരുവൃക്കകളും തകരാറിലായ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
അഞ്ചിലധികം നായ്ക്കൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. മൂത്രം ഒഴിക്കാനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോളായിരുന്നു ആക്രമണം. നായ് കൂട്ടം കുട്ടിയെ 200 മീറ്ററോളം വലിച്ചിഴച്ച് കൊണ്ട് പോയി. ആക്രമണത്തിൽ തലയ്ക്കും മുതുകിലും സ്വകാര്യ ഭാഗത്തും ഗുരുതരമായി പരുക്കേറ്റ കുട്ടി ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത മാതാവ് മാത്രമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ബഹളം കെട്ട് സമീപത്തെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന സന്തോഷ് ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.