/sathyam/media/media_files/2025/03/08/qBmaVpW7aI4OP1c0tXR9.jpg)
കൊല്ലം: എന്നും ദോശയും ഇഡലിയും സാമ്പാറും, പുട്ടും കടലയുമൊക്കെ കഴിച്ചു മടുത്തെങ്കിൽ പോന്നോളൂ ആശ്രാമം മൈതാനത്തേക്ക്. സ്ഥിരം കഴിക്കുന്ന ആഹാരങ്ങൾക്ക് അൽപ്പം ഇടവേള നൽകി ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തനതുവിഭവങ്ങളുടെ സ്വാദ് നുകരാം.
ഇതിനോടൊപ്പം കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നുള്ള രുചി വൈവിധ്യങ്ങളും സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘കേരളമാണ് മാതൃക’ പ്രദർശനത്തിനോടനുബന്ധിച്ചുള്ള കുടുംബശ്രീ കഫേ ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ 10 ജില്ലകളിൽ നിന്നുള്ള വിഭവങ്ങൾ കൂടാതെ രാജസ്ഥാൻ, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള 21 സംരംഭകരാണ് മേളയെ അതിജീവനത്തിന്റെ പടവുകളാക്കിയിരിക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും നേതൃത്വത്തിലുള്ള ഭക്ഷ്യമേള രാവിലെ ഒമ്പതുമുതൽ രാത്രി 10വരെയാണ്. മേളയിലെ മുഖ്യ ആകർഷണമായ ലൈവ് ഫുഡ് സ്റ്റാളിൽ അട്ടപ്പാടി സ്പെഷ്യൽ വനസുന്ദരിയാണ് സൂപ്പർസ്റ്റാർ.
കാന്താരി, കോഴിജീരകം, പുതിനയില, പാലക്ക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവത്തിന്റെ ഗന്ധംമതി നാവിൽ കപ്പലോടിക്കാൻ. ഒരു പ്ലേറ്റിന് 200രൂപയാണ് വില. കടൽ-, കായൽ വിഭവങ്ങൾ കൊണ്ടും സമ്പന്നമാണ് ഫുഡ്‌കോർട്ട്.
തലശേരി ചിക്കൻ ദം ബിരിയാണി, ചിക്കൻ പൊരിച്ചത്, പിടിയും കോഴിയും, വയനാടൻ കുട്ടൻ ബിരിയാണിയും അടക്കമുള്ള കേരളത്തിന്റെ വിവിധ രുചിക്കൂട്ടും മേളയിൽ ഹിറ്റാണ്.
ഹൈദരാബാദി ബിരിയാണി, തിരുപാച്ചി ചിക്കൻ കിഴി ബിരിയാണി എന്നിവയ്‌ക്കു പുറമെ പാൻ ഇന്ത്യൻ വൈവിധ്യത്തിനായി ഉത്തരാഖണ്ഡ് സ്പെഷ്യൽ പാവ് ബജി, സ്പ്രിങ് പൊട്ടറ്റോ, ചിക്കൻ നൂഡിൽസ്, ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ മോമോസ്, പാനി പൂരി, വടാപ്പാവ്, രാജസ്ഥാൻ സ്പെഷ്യൽ ലസി, ഒഡിഷ സ്പെഷ്യൽ എഗ്റോൾ, ചിക്കൻ ലോലിപോപ്, ചിക്കൻ പക്കോഡ എന്നിവയ്‌ക്കും ആരാധകരേറെ.
കപ്പയും മീൻകറിയും, ചെമ്മീൻ റോസ്‌റ്റ്, കരിമീൻ പൊള്ളിച്ചത് അടക്കമുള്ള സ്‌പെഷ്യൽ വിഭവങ്ങളാൽ സമ്പന്നമാണ് കൊല്ലം കൗണ്ടർ. കൊല്ലത്തിന്റെ സ്വാദ് അറിയിച്ച് വിവിധതരം പായസവും ആവിയിൽ പുഴുങ്ങിയതും അല്ലാത്തതുമായ കൊതിയൂറും പലഹാരങ്ങളുമുണ്ട്.