കൊല്ലം: മഹാത്മാഗാന്ധിയുടെ ആദ്യ കൊല്ലം സന്ദർശനത്തിന് ബുധനാഴ്ച നൂറുവയസ്സ് തികഞ്ഞു. വൈക്കം ക്ഷേത്രപരിസരത്ത് കത്തിജ്വലിച്ച സത്യഗ്രഹഭൂമിയിൽനിന്നാണ് ഗാന്ധിജി ആലപ്പുഴ വഴി കൊല്ലം നഗരത്തിൽ 1925 മാർച്ച് 12ന് എത്തിയത്.
ആലപ്പുഴയിൽനിന്ന് ബോട്ടുമാർഗമായിരുന്നു വരവ്. ഗാന്ധിജിയെ വരവേൽക്കാൻ വലിയ ജനക്കൂട്ടം തടിച്ചുകൂടി.
പൊതുസമ്മേളനവേദിയായ കന്റോൺമെന്റ് മൈതാനിയിലേക്ക് അദ്ദേഹത്തെ ആനയിച്ചു.
മുനിസിപ്പൽ ചെയർമാൻ ബാരിസ്റ്റർ എം ആർ പത്മനാഭപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളന വേദിയിൽ കൊല്ലം പൗരാവലിയുടെ സ്നേഹാദരവ് ഏറ്റുവാങ്ങി.
തൊട്ടുകൂടായ്‌മയിലും തീണ്ടിക്കൂടായ്മയിലും ആണ്ടുകിടന്ന കേരളീയ സമൂഹത്തെ ഗ്രസിച്ചിരുന്ന ജാതിപ്പിശാചിനെതിരായ നിലപാട് അദ്ദേഹം ദീർഘമായ മറുപടിപ്രസംഗത്തിൽ വ്യക്തമാക്കി.
കൊല്ലത്തെ സ്ത്രീകളുടെ ലളിതവസ്ത്രധാരണത്തെയും അദ്ദേഹം പ്രശംസിച്ചു. വസ്ത്രം ഖാദി അല്ലാത്തതിലെ നിരാശയും ചൂണ്ടിക്കാട്ടി.
കൊല്ലത്തുനിന്നാണ് ചരിത്രമായ ഗാന്ധി-ഗുരു സംഗമത്തിനായി ശിവഗിരിയിലേക്ക് അദ്ദേഹം യാത്രതിരിച്ചത്. പിന്നീട് 1927-ലും 1934-ലും 1937-ലും അദ്ദേഹം കൊല്ലം സന്ദർശിച്ചിട്ടുണ്ട്.