കൊല്ലം: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മഴക്കാലം തുടങ്ങുന്ന പശ്ചാത്തലത്തിലും അടിയന്തരഘട്ട കാര്യനിര്‍വഹണത്തിന് ജില്ല സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു.
മഴകെടുതി പ്രതിരോധ-ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കി. മെയ് 26 വരെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴയ്ക്കാണ് സാധ്യത .
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയെല്ലാം പരിധിയില്‍ 205 റെസ്‌ക്യൂ ഷെല്‍ട്ടറുകളുണ്ടാകും. ഇവിടങ്ങളിലെ അടിസ്ഥാനസൗകര്യം ഉറപ്പാക്കും.
ക്യാമ്പ് തുടങ്ങുന്നതിന് ആവശ്യത്തിനുള്ള വെള്ളം, ഭക്ഷണസാധനങ്ങള്‍, റേഷന്‍ ലഭ്യത ഉറപ്പാക്കി. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ തൊഴിലുറപ്പ്‌തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡാമിനി മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് തത്സ്ഥി വിലയിരുത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണം.
ഇതിനായി ജോയിന്റ് പ്രോഗ്രാം ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.സ്‌കൂളുകളില്‍ സുരക്ഷ ഓഡിറ്റ്-പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
മേല്‍കൂരയുടെ ബലം തുടങ്ങി കെട്ടിടങ്ങളും പരിസരങ്ങളും പരിശോധിച്ചിട്ടുണ്ട്. പൊത്തുകള്‍, പോടുകള്‍ എന്നിവയില്‍ ഇഴജന്തുകളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കും. ശുദ്ധമായ കുടിവെള്ളം, വൃത്തിയുള്ള ശൗചാലയങ്ങള്‍ ഉറപ്പാക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍-പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളെ കൂടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.
പഞ്ചായത്ത്തല അടിയന്തരപ്രതികരണസംഘത്തില്‍ കൂടുതല്‍ കമ്മ്യൂണിറ്റി സര്‍വീസ് വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.
കനത്ത മഴയിലും കാറ്റിലും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തഹസില്‍ദാര്‍മാരോട് നിര്‍ദേശിച്ചു. ജെ.സി.ബി ഓപ്പറേറ്റര്‍മാരുടെ വിവരങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉറപ്പാക്കും.
കന്നുകാലി ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷ സംബന്ധിച്ച് അറിയിപ്പ് നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ മേധാവിക്ക് നിര്‍ദേശം നല്‍കി.
സുരക്ഷയുടെഭാഗമായി ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കാന്‍ ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തി.ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഒമ്പത് ഇടങ്ങളില്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.
മഴ ശക്തമായാല്‍ ഗതാഗതം വഴിതിരിച്ചുവിട്ടുള്ള ക്രമീകരണവുമായി ബന്ധപ്പെട്ട് ദിശാസൂചകങ്ങള്‍ സ്ഥാപിക്കും. കൊട്ടിയം ഹോളിക്രോസ് റോഡില്‍ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പൊലീസുകാരെ നിയോഗിക്കാന്‍ നിര്‍ദേശിച്ചു.
പാര്‍ക്കിങിന് സ്ഥലം കണ്ടെത്തിയുള്ള പ്ലാനും തയ്യാറാക്കണം. എല്ലാ പൊഴികളില്‍നിന്നും ജലവിതാനത്തിന് അനുസൃതമായി അധികജലം പുറത്തേക്ക് ഒഴുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കണം.
മണ്ണിടിച്ചില്‍ സാധ്യതാപ്രദേശവാസികളെ മാറ്റിതാമസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. മലയോര മേഖലകളില്‍ പ്രത്യേക ശ്രദ്ധചെലുത്തും.
പുനലൂരിലും പത്തനാപുരത്തും താലൂക്ക്തലത്തില്‍ വനം, പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി യോഗം ചേരും. കടല്‍ക്ഷോഭ ഭീഷണി കൃത്യമായി നിരീക്ഷിക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് കണ്‍ട്രോള്‍ റൂം, വാട്‌സ് ആപ് മുഖേന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ജില്ലയില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ജില്ലാതല കണ്‍ട്രോള്‍ റൂം - 0474 2794002, 0474 2794004, 9447677800, 1077 (ടോള്‍ ഫ്രീ നമ്പര്‍)