കോഴിക്കറിക്ക് ഉപ്പ് കുറവ്: യുവാക്കളും ഹോട്ടല്‍ ഉടമകളും തമ്മില്‍ തര്‍ക്കം, കുത്തേറ്റ മൂന്നുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്ക്

കോഴിക്കറിക്ക് ഉപ്പ് കുറവ്: യുവാക്കളും ഹോട്ടല്‍ ഉടമകളും തമ്മില്‍ തര്‍ക്കം, കുത്തേറ്റ മൂന്നുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്ക്

New Update
POLICE JEEP 1

കൊല്ലം: കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ കൊല്ലത്ത് യുവാക്കളും ഹോട്ടല്‍ ഉടമകളും തമ്മില്‍ തര്‍ക്കം. സംഘര്‍ഷത്തില്‍ കുത്തേറ്റ മൂന്നുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റു. മാമൂട് ജംഗ്ഷന് സമീപമുള്ള കുറ്റിയില്‍ ഹോട്ടലിലാണ് സംഘര്‍ഷം അരങ്ങേറിയത്. കറിയില്‍ ഉപ്പില്ലെന്ന് ആരോപിച്ച് യുവാക്കളും ഹോട്ടല്‍ ഉടമകളും തമ്മില്‍ തര്‍ക്കമാവുകയായിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ (31), മുഹമ്മദ് അസര്‍ (29), തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിന്‍സ് (35) എന്നിവര്‍ക്കാണു കുത്തേറ്റത്.

Advertisment

തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ പ്രിന്‍സിന്റെ മാതൃ സഹോദരന്‍ റോബിന്‍സണ്‍ (40), സുഹൃത്ത് അരുണ്‍ (23) ഷാഫിനിന്റെ ഡ്രൈവര്‍ റഷീദിന്‍ ഇസ്ലാം എന്നിവരാണ് പരുക്കേറ്റ മറ്റു 3 പേര്‍. കേരളത്തില്‍ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വില്‍പന നടത്തുന്നവരാണ് തമിഴ്‌നാട് സ്വദേശികള്‍. ഇവര്‍ കഴിഞ്ഞ ദിവസം ഹോട്ടലില്‍ എത്തുകയും കറിയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് ഉടമകളുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടകീയ രംഗങ്ങള്‍ ഹോട്ടലില്‍ അരങ്ങേറിയത്. വിളമ്പിയ ചിക്കന്‍ കറിക്ക് ഉപ്പ് കുറവാണെന്നു പ്രിന്‍സ് റോബിന്‍സണിനോട് പറയുകയും ഇത് കേട്ട ഹോട്ടല്‍ ജീവനക്കാരന്‍ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനിടെ ഷഫീന്‍ റോബിന്‍സണിനെ മര്‍ദിച്ചതോടെ മൂന്ന് പേരും ഹോട്ടലില്‍ നിന്ന് പുറത്തുപോയി. 

എന്നാല്‍ മര്‍ദ്ദനമേറ്റ മൂന്ന് പേരും വീണ്ടും തിരിച്ചു വരികയും ഹോട്ടല്‍ ജീവനക്കാരെ തിരിച്ചടിക്കാന്‍ തുടങ്ങുകയുമായിരുന്നു. തുടര്‍ന്ന് നടന്ന കത്തിക്കുത്തിലാണ് പ്രിന്‍സ്, റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഹോട്ടല്‍ ഉടമകളെ വയറ്റില്‍ കുത്തിവീഴ്ത്തിയത്. 

Advertisment