/sathyam/media/media_files/0cmAHrMv6qxbNKTPAg57.jpg)
കൊല്ലം: വയോധികയെ മർദിച്ച സംഭവത്തിൽ മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.
തേവലക്കര സ്വദേശിയായ ഏലിയാമ്മ വർഗീസിനെ(80)യാണ് മകന്റെ ഭാര്യയായ മഞ്ജുമോൾ തോമസ്(42) കുടുംബവഴക്കിനെ തുടർന്ന് ക്രൂരമായി മർദിച്ചത്.
കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. 80 വയസുള്ള വയോധികയ്ക്കാണ് മർദ്ദനമേറ്റത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കുകയും വൻപ്രതിഷേധത്തിന് ഇടയാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം മരുമകളിൽ നിന്ന് ക്രൂരമായ മർദനമേറ്റെന്നാണ് ഏലിയാമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മാസങ്ങളായി മരുമകൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പരാതിയിലുണ്ട്. പ്രതി മഞ്ജുമോൾ തോമസ് 80കാരിയെ മർദിക്കുന്ന ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ ദൃശ്യങ്ങളുടെയും ഏലിയാമ്മയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ അധ്യാപികയാണെന്നാണ് വിവരം.
വൃദ്ധയെ യുവതി വീട്ടിനകത്ത് വച്ച് മർദ്ദിക്കുന്നതും രൂക്ഷമായ രീതിയിൽ വഴക്കുപറയുന്നതും ആണ് വീഡിയോയിൽ കാണുന്നത്. പകൽസമയമാണ്. വീട്ടിനകത്ത് ടിവി ഓൺ ചെയ്തിട്ടുണ്ട്.
യുവതിയെയും വൃദ്ധയെയും കൂടാതെ രണ്ട് ചെറിയ കുട്ടികളെയും വീഡിയോയിൽ കാണുന്നത്. വളരെ മോശമായ ഭാഷയിൽ യുവതി വൃദ്ധയോട് എഴുന്നേറ്റ് പോകാൻ പറയുന്നതും കാണാം. ശേഷം വൃദ്ധയെ ഇവർ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്തത്.