
കൊല്ലം: സോളാര്‍ സമരം പിന്‍വലിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പരാമര്‍ശം അടിസ്ഥാന രഹിതമെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍.
എല്‍ഡിഎഫ് നിയോഗിച്ചതനുസരിച്ച് താന്‍ യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സോളാര്‍ സമരം പിന്‍വലിച്ചതെന്ന അഭിപ്രായം പൂര്‍ണമായും വസ്തുതക്ക് നിരക്കാത്തതാണ്.
അന്ന് അത്തരത്തിലൊരു ചര്‍ച്ച നടത്താന്‍ എല്‍ഡിഎഫ് തന്നെ ചുമതലപ്പെടുത്തിയില്ല, ഏതെങ്കിലും തരത്തില്‍ യുഡിഎഫ് നേതൃത്വമായി പ്രത്യക്ഷമായോ പരോക്ഷമായോ താന്‍ ബന്ധപ്പെട്ടിട്ടില്ല. ആ സമരം അവസാനിപ്പച്ചത് താന്‍ അറിഞ്ഞത് സെക്രട്ടേറിയറ്റ് നടയില്‍ സംസാരിക്കുമ്പോഴായിരുന്നെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമരം അവസാനിപ്പിക്കാനായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അന്ന് രാവിലെ തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
തോമസ് ഐസക്ക് കന്റോണ്‍മെന്റ് ഗേറ്റിലും, താന്‍ ട്രിവാന്‍ഡ്രം ഹോട്ടലിന് സമീപമുള്ള തെക്കെ ഗേറ്റിലും സംസാരിക്കുന്നതിനിടെ, അടിയന്തരമായി എകെജി ഓഫീസിലേക്ക് ചൊല്ലാനായി ആര്‍എസ്പിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചത്.
ഇതേ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി പാര്‍ട്ടി സെക്രട്ടറി എഎ അസീസിനൊപ്പം എകെജി സെന്ററിലെത്തി. അപ്പോഴെക്കും സമരം അവസാനിപ്പിക്കുന്ന ഘട്ടമെത്തിയിരുന്നതായും പ്രേമചന്ദ്രന്‍ പറഞ്ഞു.