/sathyam/media/media_files/eF3bpsSP3IImY3q1Mc69.jpg)
കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ കേസിന്റെ ചുരുളുകള്‍ നാല് ദിവസത്തിന് ശേഷം പയ്യെ നിവരുമ്പോള്‍ പ്രൊഫഷണലുകളല്ലാത്ത പ്രതികള്‍ക്ക് ഇത്ര മണിക്കൂറുകള്‍ മറഞ്ഞിരിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്നാണ് ഭൂരിഭാഗം പേരുടേയും മനസിലെത്തുന്ന ചോദ്യം.
ഈ ഒരു കുറ്റകൃത്യം നടത്തുന്നതിനായി ഒരു വര്‍ഷത്തോളം നീണ്ട തയാറെടുപ്പുകളാണ് ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവും നടത്തിയത്.
ഈ പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന പത്മകുമാര്‍ ക്യാമറയില്ലാത്ത ഉള്‍വഴികളിലൂടെയാണ് ഈ ദിവസങ്ങളില്‍ സഞ്ചരിച്ചിരുന്നത്. കൃത്യത്തിന് മുന്‍പും ശേഷവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രതികള്‍ ശ്രദ്ധിച്ചിരുന്നു.
നഗരത്തില്‍ സിസിടിവി ഇല്ലാത്ത സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തിയിടാനാണ് ഇവര്‍ ശ്രദ്ധിച്ചിരുന്നത്. പത്മകുമാറിനൊപ്പം ഭാര്യ അനിതയും മകള്‍ അനുപമയും കുറ്റകൃത്യത്തില്‍ പങ്കാളികളായി. നീല, വെള്ള എന്നീ നിറങ്ങളിലുള്ള രണ്ട് കാറുകളാണ് പത്മകുമാറിനുണ്ടായിരുന്നത്.
ഈ കാറിന് ഇയാള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിക്കുന്നു. കൃത്യത്തിന് ശേഷം KL 01 BT 5786 നമ്പരുള്ള യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റ് പുനസ്ഥാപിച്ച ശേഷം സാധാരണ രീതിയില്‍ ഇയാളും കുടുംബവും വീട്ടില്‍നിന്നു. നീല ഹ്യൂണ്ടായി എലന്‍ട്ര കാറിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. പിടിക്കപ്പെടുമെന്ന് തോന്നിയപ്പോഴാണ് കാറില്‍ കുടുംബത്തോടെ തെങ്കാശിയിലേക്ക് കടന്നത്.
തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു.
തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം.