/sathyam/media/media_files/2wwXpalPtYy3bRIaPd7p.jpg)
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ അറക്കൽ വില്ലേജിൽ ഇടയം ചന്ദ്രമംഗലത്ത് വീട്ടിൽ 27 വയസ്സുള്ള ചന്തു എന്ന് വിളിക്കുന്ന അനുലാലിനെയാണ് അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് ടി 22 വർഷം കഠിനതടവിനും 120000 രൂപ പിഴയും ശിക്ഷിച്ചത്.
നേരിട്ടു കണ്ടിട്ടില്ലാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ വ്യാജ പേര് ഉപയോഗിച്ച് പരിചയത്തിൽ ആയ ശേഷം പെൺകുട്ടിയുടെ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ പ്രതി എടുത്തു നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു. തുടർന്ന് രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ പെൺകുട്ടിയെ അടൂർ ബസ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തി അവിടെ നിന്നും ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം 2000 രൂപ നൽകി അടൂരിൽ തിരികെ എത്തിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിതാ ജോൺ പി ഹാജരായി.
പിഴത്തുക പ്രതി അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം പ്രതി എട്ടുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷൻ നടപടികൾ വിക്ടിം ലേയ്സൺ ഓഫീസർ സ്മിത എസ് ഏകോപിപ്പിച്ചു.