/sathyam/media/media_files/PP2oeLt9eHd4uygwZt5Z.jpg)
കൊല്ലം: 'മിത്ത് വിവാദത്തില്‍' പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ''ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പന്‍, നാളെ കൃഷ്ണന്‍, മറ്റന്നാള്‍ ശിവന്‍. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും'' എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.
''നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയില്‍ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണന്‍ മിത്താണെന്നു പറയും. മറ്റന്നാള്‍ ശിവന്‍ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങള്‍ ഒരു മിത്താണെന്ന് പറയും. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് മതങ്ങളെ നാം കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ കുറിച്ചു പറയാന്‍ ആര്‍ക്കും ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മള്‍ മുന്നോട്ട് പോകണം. ആര്‍ക്കും എന്തും പറയാന്‍ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. അതാണ് ഈ രാജ്യത്തിന്റെ ഭംഗി.
ഇനിയെങ്കിലും ഇത്തരം വിഷയത്തില്‍ കുറഞ്ഞത് നിങ്ങള്‍ക്ക് വിഷമം ഉണ്ടായെന്നെങ്കിലും പറയണം. ഇതൊരു ഓര്‍മപ്പെടുത്തലാണ്. ചില കാര്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കു വിഷമം തോന്നും. അതിനേക്കാളും വിഷമമാണ്, ഹിന്ദു വിശ്വാസികളുടെ ഈ മനോഭാവം. മറ്റുള്ളവരെ വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ അല്ല, നിങ്ങള്‍ നിങ്ങളുടെ അവസ്ഥ മനസ്സിലാക്കണം. ഇപ്പോള്‍ ഈ നടന്നു കൊണ്ടിരിക്കുന്നത് എന്തിനാണെന്നു ചിന്തിക്കണം. ഇവിടെയിരിക്കുന്ന എല്ലാവരുടെയും വീട്ടില്‍ ഒരു ഗണപതി വിഗ്രഹമോ ചിത്രമോ ഉണ്ടാകും.
വിഘ്‌നങ്ങളെല്ലാം ശരിയാക്കിത്തരണേ എന്നു പറയാനാണ് ഇവിടെ ക്ഷേത്രത്തില്‍വന്നു പ്രാര്‍ഥിക്കുന്നത്. ഗണപതി ഇല്ലെന്ന് ആരെങ്കിലും പറയുമ്പോള്‍, മര്യാദയുടെ പേരിലെങ്കിലും അദ്ദേഹത്തിനു വേണ്ടി നമ്മള്‍ സംസാരിക്കണം. അതുകൊണ്ടാണ് ഈ പരിപാടിയിലേക്കു വിളിച്ചപ്പോള്‍ ഓടിച്ചാടി വന്നത്. ദൈവം ഉണ്ടോ എന്നു പലയാളുകള്‍ പല സാഹചര്യത്തില്‍ ചോദിച്ചിട്ടുണ്ട്. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന, സിനിമയില്‍ ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇതിന്റെ ഭാഗമായി ഹനുമാന്‍ സ്വാമി ഭക്തനും കൂടിയാണ്.
ഹനുമാന്‍ ജയന്തിക്ക് ഞാനൊരു ഫോട്ടോ സമൂഹമാധ്യമത്തില്‍ ഇട്ടിരുന്നു. എന്റെ സഹപ്രവര്‍ത്തകനായ ഒരു ചേട്ടന്‍ വന്നിട്ട്, ഹനുമാന്‍ കൊറോണ മാറ്റുമോയെന്നു ചോദിച്ചു. അതിനു ഞാനൊരു മറുപടിയും കൊടുത്തു. അതു വലിയ ചര്‍ച്ചയായി. നമ്മള്‍ ജനിച്ചു വളര്‍ന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ പറഞ്ഞ കാര്യമാണ്, ദൈവം ഉണ്ടെന്നത്. പക്ഷേ, ദൈവം എവിടെ ഉണ്ടെന്നു ചോദിച്ചാല്‍ നമുക്ക് അറിയില്ല. തൂണിലും തുരുമ്പിലും ഹനുമാന്‍ സ്വാമിയുണ്ടെന്നു പറയുമ്പോള്‍, സാങ്കേതികവിദ്യയുടെ ഇന്നത്തെ കാലത്ത് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കു ചിരി വരും.
ജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോള്‍, ആരെങ്കിലും സഹായിക്കാന്‍ വരുമെന്നും പുറത്തുകടക്കാന്‍ പറ്റുമെന്നും പറയാനുള്ള സങ്കല്‍പമാണു ദൈവം എന്നത് എനിക്കു നല്ല ബോധമുണ്ട്. ആ ബോധം നമുക്ക് എല്ലാവര്‍ക്കും ഉണ്ടാകണമെന്നു പ്രാര്‍ഥിക്കുകയാണ്. നമ്മുടെ ആചാരങ്ങളെക്കുറിച്ചും ദൈവങ്ങളെപ്പറ്റിയും പറയുമ്പോള്‍ സംസാരിക്കാന്‍ മടിക്കരുത്. അതിനു ചങ്കൂറ്റം ആവശ്യമില്ല. സംസാരിക്കാനായി ആവേശത്തോടെയും ആര്‍ജവത്തോടെയും മുന്നോട്ടു വരണം.'' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.