Advertisment

കോട്ടയത്ത് അപകട പരമ്പര. അപകടം കൂടുതലും എം.സി. റോഡില്‍. കോടിമത നാലുവരി പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാല്‍നട യാത്രികനെ ഇടിച്ചു വീഴ്ത്തി

കോട്ടയത്ത് അപകട പരമ്പര. വ്യാഴാഴ്ച രാവിലെ മുതല്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണു കോട്ടയത്തെ നിരത്തുകളില്‍ ഉണ്ടായത്

New Update
kstc ktm acdnt

കോട്ടയം: കോട്ടയത്ത് അപകട പരമ്പര. വ്യാഴാഴ്ച രാവിലെ മുതല്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണു കോട്ടയത്തെ നിരത്തുകളില്‍ ഉണ്ടായത്. ഇതില്‍ ഒരാള്‍ക്കു ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഏറ്റവും കൂടുതല്‍ അപകടം നടന്നത് എം.സി. റോഡിലാണ്. അമിത വേഗവും അശ്രദ്ധയുമാണ് പല അപകടങ്ങളിലേക്കും വഴിവെച്ചത്. ഇതില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചു രണ്ട് അപകടങ്ങളും ഉണ്ടായി.

Advertisment

എം.സി റോഡില്‍ കോടിമത പമ്പിനു സമീപം കെ.എസ്.ആര്‍.ടി.സി ബസിടിച്ചു കാല്‍നടയാത്രക്കാരനു ഗുരുതര പരിക്കേറ്റു. കോടിമത സ്വദേശി ആന്റണി(65)യ്ക്കാണ്‌ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ കോടിമത നാലുവരിപ്പാതയിലാണ് അപകടം.

kstc ktm acdnt1

അടൂരില്‍ നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് റോഡ് മുറിച്ചു കടക്കുകയായിരുന്ന ആന്റണിയെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആന്റണി റോഡിലേക്കു തലയിടിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എം.സി. റോഡില്‍ പള്ളത്ത് കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറിലും പിക്കപ്പ്‌വാനിലും ഇടിച്ചു അപകടം ഉണ്ടായി. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ തലനാരിഴയ്ക്കാണു രക്ഷപെട്ടത്. അപകടത്തിന് കാരണം കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അശ്രദ്ധയായിരുന്നു.

ചങ്ങനാശേരിയില്‍ സ്‌കൂട്ടറും ബൈക്കും കാറും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം എം.സി റോഡില്‍ ഗതാഗത തടസം നേരിട്ടു.

പള്ളം മാവിളങ്ങില്‍ വാഹനങ്ങളുടെ കൂട്ടിയിടിയില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. അമിത വേഗത്തില്‍ എത്തിയ കാര്‍ മറ്റൊരു കാറിലും സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ചാണ് മൂന്നു പേര്‍ക്കു പരിക്കേറ്റത്. ഉച്ചയ്ക്ക് ഒന്നരയോടെയിരുന്നു അപകടം. പരിക്കേറ്റവരെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

ചെത്തിപ്പുഴ പള്ളിക്ക് സമീപം പള്ളിയില്‍ പോയി വീട്ടിലേക്കു മടങ്ങവെ വീട്ടമ്മയ്ക്കു കാര്‍ ഇടിച്ചു പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റ കുരിശുംമൂട് മണമേല്‍ മോനിമ്മ ജോസഫിനെ (64) സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

റോഡിലൂടെ നടന്നു പോകുന്നതിനിടെ പിന്നാലെയെത്തിയ കാര്‍ മോനിമ്മയെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

car acdnt

വാഴൂര്‍ റോഡില്‍ വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിനു സമീപം നിയന്ത്രണം നഷ്ടമായ കാറുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. അപകടത്തില്‍ പരിക്കേറ്റ കോട്ടയം സ്വദേശി ലെനിനെ (43) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്ത് നിന്നും തെങ്ങണ ഭാഗത്ത് നിന്നുമെത്തിയ കാറുകളാണ് അപകടത്തില്‍പ്പെട്ടത്.

auto acdnt

വൈക്കം കല്ലറ റോഡില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു ഓട്ടോ ഡ്രൈവര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു. വൈക്കം മുട്ടത്തിപ്പറമ്പ് ഉള്ളാടശേരില്‍ ജിബുമോനാ(47)ണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സുരമ്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.

അസുഖബാധിതയായ ഭാര്യയുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയ ശേഷം മടങ്ങി വരികയായിരുന്നു ജിബുമോന്‍. വൈക്കം കൊടുത്തുരുത്ത് ഭാഗത്ത് വച്ചു നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ ഉഴത്തില്‍ ബേക്കറിയ്ക്കു സമീപത്തു വച്ചു മറിയുകയായിരുന്നു.

Advertisment