പാമ്പാടി: ദേശീയ പാതയില്‍ അമിത വേഗത്തില്‍ ബസ് ബൈക്കില്‍ ഇടിച്ചു രണ്ടു യുവാക്കള്‍ക്കു പരുക്ക്. ഞായറാഴ്ച വൈകിട്ട് നാലോടെ നെടുംകുഴിക്കു സമീപമായിരുന്നു അപകടം.
ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയാരുന്ന കുറ്റിക്കല്‍ സ്വദേശിയായ സോബിനും ഓര്‍വയല്‍ സ്വദേശി ജോയലും സഞ്ചാരിച്ചിരുന്ന ബൈക്കിനു പിന്നില്‍ പിന്നാലെ എത്തിയ കോട്ടയം - പൊൻകുന്നം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയേഷ് ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇരുവര്‍ക്കും സാരമായി പരുക്കേറ്റു. സോബിനെയും, ജോയലിനെയും നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും നേതൃത്വത്തില്‍ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക ചികിത്സയ്ക്കു ശേഷം വടവാതൂരില്‍ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസുകളുടെ മത്സര ഓട്ടമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.