കോട്ടയം: വീട്ടില്‍ നിന്നു കെട്ടുപൊട്ടിച്ചോടി അമേരിക്കന്‍ ബുള്ളി ഇനത്തിൽപ്പെട്ട നായ.. ഓടി എത്തിയതു ബേക്കര്‍ ജങ്ഷനിലെ തെരുവുനായകള്‍ക്കു മുന്നില്‍.. പിന്നീട് നടന്നതു നഗരത്തില്‍ ജനങ്ങളെ പരിഭ്രാന്താക്കുന്ന തരത്തിലുള്ള പോരാട്ടം.
ഒടുവില്‍ നായയെ പിടിച്ചു കെട്ടാന്‍ പൊലീസും ഫയര്‍ഫോഴ്‌സും വേണ്ടി വന്നു. ഞായറാഴ്ച വെകിട്ട് അഞ്ചരയോടെ ബേക്കര്‍ ജങ്ഷനിലായിരുന്നു സംഭവങ്ങള്‍. ബേക്കര്‍ ജങ്ഷനിലൂടെ നടന്നെത്തിയ അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായ തെരുവുനായയുമായി കടിപിടി കൂടുകയായിരുന്നു.
തെരുവില്‍ കടിപിടി കൂടിയ നായയെ ഒടുവില്‍ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നു ഏറെ പണിപ്പെട്ട് പിടിച്ചുകെട്ടി. തെരുവുനായയുടെ ആക്രമണത്തില്‍ അമേരിക്കന്‍ ബുള്ളിയ്ക്ക് പരുക്കേല്‍ക്കുകയും, മുഖത്ത് നിന്ന് രക്തം വാര്‍ന്നൊഴുകുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ വിവരം പൊലീസിനെയും അഗ്‌നിരക്ഷാ സേനാ സംഘത്തെയും അറിയിച്ചു.
അപകടകാരിയായ നായയെ അഗ്‌നിരക്ഷാ സേനാ സംഘം സാഹസികമായി കയര്‍ ഉപയോഗിച്ചു കെട്ടിയിട്ടു. നായയെ കൈമാറുന്നതിനായി അഗ്‌നിരക്ഷാ സേനയും പൊലീസും മൃഗസംരക്ഷണ വകുപ്പിനെയും നഗരസഭയെയും വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ആരും നായയെ ഏറ്റെടുക്കാന്‍ സ്ഥലത്ത് എത്തിയിട്ടില്ല.
ഇതോടെ അനിമല്‍ റെസ്‌ക്യൂ സംഘം ഇവിടെ എത്തി നായയെ മാറ്റി. കോട്ടയം ഫയര്‍സ്‌റ്റേഷനിലെ എസ്.എഫ്.ആര്‍.ഒ പ്രദീപ്, എഫ്.ആര്‍.ഒമാരായ ഷിബു മുരളി, അബ്ബാസി സനല്‍ സാം എന്നിവർ ചേർന്നാണ് നായയെ പിടികൂടിയത്.