/sathyam/media/media_files/2025/10/21/alpana-2025-10-21-10-03-47.jpg)
കോട്ടയം: അയര്‍ക്കുന്നം ഇളപ്പാനിയില്‍ കൊലചെയ്യപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചതു തലയ്ക്കടിയേറ്റുണ്ടായ ക്ഷതമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
മുഖത്തും ശരീരത്തും മുറിവുകളുമുണ്ട്. അല്‍പനയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മോര്‍ച്ചറിയിലേക്കു മാറ്റി.
പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സോണി (32) ആണു ഭാര്യ അല്‍പ്പനയെ (25) കൊലപ്പെടുത്തി ഇളപ്പാനിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്നില്‍ കുഴിച്ചുമൂടിയത്.
ഇക്കഴിഞ്ഞ 14ന് രാവിലെ അയര്‍ക്കുന്നം ഇളപ്പാനിയിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ചാണു സോണി അല്‍പനയെ കൊലപ്പെടുത്തിയത്.
കുറവിലങ്ങാട് താമസിക്കുന്ന അല്‍പ്പനയുടെ ബന്ധു മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
അല്‍പ്പനയുടെ സംസ്‌കാരം ഇന്നു മുട്ടമ്പലം ശ്മശാനത്തില്‍ നടക്കും.
പ്രതിയായ സോണിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അയര്‍ക്കുന്നം പോലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. ശനിയാഴ്ച എറണാകുളം സൗത്തില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്ത സോണിയെ ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ 14നാണ് കൊലപാതകം നടന്നത്. മണ്ണനാല്‍ ഡിന്നി സെബാസ്റ്റ്യന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്നിലാണ് മൃതദേഹം മറവ് ചെയ്തത്.
ഭാര്യക്ക് പ്രകാശ് മണ്ഡല്‍ എന്ന പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവുമായി ബന്ധുണ്ടായിരുന്നു. നിരന്തരം ഇവര്‍ തമ്മില്‍ ഫോണ്‍ കോളുകളും ചെയ്തിരുന്നു. ഇത് സോണി വിലക്കിയെങ്കിലും ബന്ധം തുടര്‍ന്നു. ഇതാണ് വൈരാഗ്യത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
കാമുകനുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ 13ന് സോണിയും അല്‍പനയും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് കൊലനടത്താന്‍ പ്രതി തീരുമാനിക്കുകയായിരുന്നു.
14ന് രാവിലെ 6.30യ്ക്ക് വീട്ടുടമ വിളിച്ചെന്നും പറഞ്ഞ് സോണി രാവിലെ ഏഴോടെ ഭാര്യയെയും കൂട്ടി ഓട്ടോറിക്ഷയില്‍ പണി നടക്കുന്ന സ്ഥലത്തെത്തി. ഒരാഴ്ച്ച മുന്‍പും സോണി ഇവിടെ മണ്ണിട്ട് പുരയിടം ഒരുക്കുന്ന ജോലിക്ക് വന്നിരുന്നു.
എന്നാൽ, ഇവിടെ വച്ച് അല്‍പനയുടെ ഫോണിലേക്ക് കാമുകന്‍ വിളിയ്ക്കുകയും ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കവും തല്ലും നടന്നു. വീടിന് സമീപത്തെ കരിങ്കല്‍കെട്ടില്‍ സോണി അല്‍പനയുടെ തലയിടിപ്പിച്ചു. ശേഷം, അല്‍പനയുടെ കഴുത്ത് ഞെരിച്ചു.
മരണം ഉറപ്പാക്കുന്നതിനായി കമ്പി പാര ഉപയോഗിച്ച് തലയ്ക്കടിച്ചു. വീടിനു പിന്നില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. 7.45 ഓടെ സോണി ഇവിടെ നിന്ന് മടങ്ങി.
17ന് ഭാര്യയെ കാണാനില്ലെന്ന് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്കി. അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകിട്ട് സ്റ്റേഷനിലെത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, സ്റ്റേഷനിലേക്ക് വരാനോ സഹകരിക്കാനോ ഇയാള്‍ കൂട്ടാക്കിയില്ല. സോണി മക്കളെയും കൂട്ടി ശനിയാഴ്ച്ച യാത്രപോയതുപോലെ എറണാകുളത്തേക്ക് പോയി.
സോണിയെ പോലീസ് വിളിച്ചെങ്കിലും ഇയാള്‍ പണി സ്ഥലത്താണെന്നാണ് പറഞ്ഞത്. ഇയാളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചു എറണാകുളത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.