/sathyam/media/media_files/2025/09/24/bindu-kottayam-2025-09-24-19-10-25.jpg)
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ്ടുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയ വാസയോഗ്യമായ വീട് യാഥാർഥ്യമായി. നവീകരിച്ച വീട് 'സ്‌നേഹവീടി'ന്റെ താക്കോൽകൈമാറൽ വെള്ളിയാഴ്ച വൈകിട്ട് 6.30ന് തലയോലപ്പറമ്പ് ഉമ്മാൻകുന്നിൽ നടക്കും.
വീടിന്റെ താക്കോൽദാന ചടങ്ങ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ ആധ്യക്ഷത വഹിക്കും. സി.കെ ആശ എം.എൽ.എ മുഖ്യാതിഥിയാകും.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിനെയാണ് (എൻ.എസ്.എസ്) വീട് നവീകരിക്കാൻ ചുമതലപ്പെടുത്തിയത്. 12.50 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം.
അടുക്കളയുടെ ഭാഗം പൊളിച്ചുമാറ്റി ശുചിമുറി ഉൾപ്പെടുന്ന ഒരു മുറിയും അടുക്കളയും വർക്ക് ഏരിയയും കൂട്ടിച്ചേർത്തു കോൺക്രീറ്റ് ചെയ്താണ് വീട് നവീകരിച്ചത്. വീട്ടിലേക്കുള്ള വഴിയും നവീകരിച്ചു. ചുറ്റുമതിലും നിർമ്മിച്ചു. ജൂലൈ മൂന്നിനുണ്ടായ അപകടത്തിലാണ് ബിന്ദു മരണമടഞ്ഞത്.
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ഗ്രാമപഞ്ചായത്തംഗം ഡൊമിനിക്ക് ചെറിയാൻ, സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് പി.കെ. ഹരികുമാർ, നാഷണൽ സർവീസ് സ്‌കീം സംസ്ഥാന ഓഫീസർ ഡോ. ഡി. ദേവിപ്രിയ, പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ. ശിവദാസ്, ഡോ. എ. ഷാജി, ഡോ. വിൽസൺ സി. തോമസ് ഭവന നവീകരണ കമ്മിറ്റി കോഡിനേറ്റർ സി.എം. കുസുമൻ എന്നിവർ താക്കോൽ കൈമാറൽ ചടങ്ങിൽ പങ്കെടുക്കും.