Advertisment

പക്ഷിപ്പനി വ്യാപകമാകുന്നു,താറാവി​ൻ്റെയും മുട്ടയുടെയും വിൽപ്പന കുത്തനെ ഇടിഞ്ഞു.മനം മടുത്ത് കർഷകർ. സാമ്പത്തിക നഷ്ടം നികത്താൻ മറ്റ് ജീവനോപാധികൾ തേടാതെ വഴിയില്ലെന്ന് കർഷകർ.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
bird flu-3

കോട്ടയം: കോട്ടയത്തും അയൽ ജില്ലകളിലും തുടർച്ചയായി പക്ഷിപ്പനി  സ്ഥിരീകരിച്ചതോടെ കടുത്ത സാമ്പത്തിക നഷ്ടം നേരിട്ട് താറാവ് കർഷകർ, പ്രാദേശിക കോഴിവളർത്തൽ ഫാമുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ. പക്ഷിപ്പനി സ്​ഥിരീകരിച്ച പിന്നാലെ താറാവി​ൻ്റെയും മുട്ടയുടെയും വിൽപ്പന കുത്തനെ ഇടിഞ്ഞു. ഇതിനൊപ്പം രോഗം പകരുമോയെന്ന ആശങ്കയും കർഷകർക്കിടയിൽ നിറയുന്നു.

Advertisment

പണത്തിനൊപ്പം ശാരീരികമായും ഏറെ അധ്വാനം വേണ്ടതാണ്​ താറാവ്​ കൃഷി. വിരിഞ്ഞിറങ്ങിയ കുഞ്ഞിനെ ഒന്നിന് 23 രൂപ മുതൽ നല്‍കിയാണ്​ ഭൂരിഭാഗം കര്‍ഷകരും വാങ്ങുന്നത്. ചിലര്‍ ഒരുമാസം പ്രായമുള്ള കുഞ്ഞുങ്ങളെയും വാങ്ങാറുണ്ട്. വാങ്ങി പാടത്ത് എത്തിച്ചാലും ചെലവിന്​ കുറവില്ല. തീറ്റ, മരുന്ന്  എന്നിവ കൃത്യമായി നല്‍കിയാലും ഒന്നും രണ്ടും വീതം ദിവസവും ചാകും. മൂന്നുമാസത്തെ അധ്വാനത്തി​ നൊടുവിൽ 100-110 ദിവസം വരെ പ്രായമാകു​മ്പോഴാണ്​ വില്‍പനക്ക്​ തയാറാകുക. ഡ്രസ് ചെയ്തു വിറ്റാല്‍ ഒരു താറാവിനു 340-370 രൂപ വരെ വിലയുണ്ട്.

പക്ഷേ, കര്‍ഷകര്‍ മൊത്തമായി വ്യാപാരികള്‍ക്ക്​ നല്‍കുമ്പോള്‍ ലഭിക്കുക 200-210 രൂപ മാത്രം.  തെരുവുനായ പിടിച്ചും കര്‍ഷകര്‍ക്കു നഷ്​ടമുണ്ടാകാറുണ്ട്. ഇതിനിടെയാണ്​ പക്ഷിപ്പനി പോലെയുള്ള പകർച്ചവ്യാധികൾ​. ഒരു ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചാൽ ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കേണ്ടി വരും. ഒപ്പം സമീപ പഞ്ചായത്തുകളിലടക്കം ഇറച്ചി മുട്ട തീറ്റ എന്നിവയുടെ വ്യാപാരം നിരോധിക്കുകയും ചെയ്യും. തുടർച്ചയായി ഉണ്ടാക്കുന്ന പക്ഷിപ്പനി വരുത്തിവെക്കുന്ന സാമ്പത്തിക നഷ്ടം എങ്ങനെ മറികടക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് കർഷകർ. പലപ്പോഴും കടം വാങ്ങിയും പണം പലിശക്കെടുത്തുമാണ് കർഷകർ താറാവ് കൃഷി നടത്തുന്നത്. ഇനിയും താറാവ് വളർത്തലുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കർഷകുരും പറയുന്നു. 

നിലവിൽ ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര,അയ്മനം,വെച്ചൂർ പഞ്ചായത്തുകളിൽ താറാവ്,കോഴി,കാട വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട,ഇറച്ചി,കാഷ്ടം(വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ചിട്ടുണ്ട്.

Advertisment