കോട്ടയം: സ്വകാര്യ ബസ് യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നു യുവാവിനു ദാരുണാന്ത്യം. തൊടുപുഴ കാരിക്കോട് മാലപ്പറമ്പില്‍ എം.എ.ആസാദ് (42) ആണു മരിച്ചത്. ഇന്നു രാവിലെ 10.15 ഓടെ കോട്ടയം അരീപ്പറമ്പ് പാമ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അറബെല്ല ബസിലാണു സംഭവം.
പാമ്പാടിയില്‍ നിന്നും ബസ് നാഗമ്പടം സ്റ്റാന്‍ഡില്‍ എത്തി ആളെ ഇറക്കുന്ന സമയത്താണ് ഫുഡ്‌ബോര്‍ഡിന് മുന്നിലെ സീറ്റില്‍ യാത്രക്കാരന്‍ അനക്കമില്ലാതെ ഇരിക്കുന്നതു ജീവനക്കാര്‍ ശ്രദ്ധിച്ചത്. ഉടന്‍തന്നെ ഈ ബസിലെ തന്നെ യാത്രക്കാരിയായിരുന്ന നഴ്‌സും, നാഗമ്പടം എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരും ചേര്‍ന്നു പരിശോധിച്ചപ്പോള്‍ അബോധാവസ്ഥയിലാണെന്നു തിരിച്ചറിയുകയും തുടര്‍ന്നു ബസ് ഡ്രൈവര്‍ റോണിയും, കണ്ടക്ടര്‍ റോജിയും പോലീസും ചേര്‍ന്നു ജില്ല ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു.
മണര്‍കാട് പള്ളിക്കു സമീപമുള്ള ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരന്റെ വീട്ടിലായിരുന്നു താമസം. അവിടെനിന്നും ആസാദിന്റെ സഹോദരന്‍ രാജിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണു മരണം സംഭവിച്ചത്.
ബസില്‍ നല്ല തിരക്കുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു. ഭാര്യ നിഷ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. മൃതദേഹം ജില്ല ആശുപത്രിയില്‍. സംസ്‌കാരം പിന്നീട്.