കോട്ടയം: എം.സി റോഡില്‍ നാട്ടകത്ത് അന്തര്‍ സംസ്ഥാന ബസ് കാല്‍നട യാത്രികയായ വയോധികയെ ഇടിച്ച് വീഴ്ത്തി.
എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറിനെ ഇടിയ്ക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ നാട്ടകം മറിയപ്പള്ളി സ്വദേശി രാധ (67) യെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം. കൂത്താട്ടുകുളത്ത് നിന്നും നാട്ടകം മറിയപ്പള്ളിയിലേക്ക് എത്തിയ ബലേനോ കാര്‍ മറിയപ്പള്ളി ഭാഗത്തെ വളവില്‍ വച്ച് വലത്തേയ്ക്ക് തിരിയുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ അന്തര്‍ സംസ്ഥാന ബസ് കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയതാണ് അപകട കാരണം.
നിയന്ത്രണം നഷടപ്പെട്ട ബസ് കാറില്‍ തട്ടിയ ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. ഈ സമയം റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന രാധയെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത തടസവും ഉണ്ടായി.