ചങ്ങനാശേരി നഗരസഭയില്‍ ഭരണം പിടിക്കാന്‍ യു.ഡി.എഫ്. സ്വതന്ത്രരുമായി തിരക്കിട്ട ചര്‍ച്ചകളുമായി നേതാക്കള്‍. വൈകാതെ തന്നെ തീരുമാനത്തിലേക്ക് എത്താനാവുമെന്നു പ്രതീക്ഷ. അധ്യക്ഷന്‍ ആരാകും എന്നതില്‍ ആകാംഷ

അധ്യക്ഷ സ്ഥാനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ യു.ഡി.എഫ് ഇന്നലെ ചേരാന്‍  തീരുമാനിച്ചിരുന്ന യോഗം മാറ്റിവച്ചിരുന്നു

New Update
changanasser

ചങ്ങനാശേരി: തെരഞ്ഞെടുപ്പ് ഫലം വന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചങ്ങനാശേരി നഗരസഭയില്‍ ഇപ്പോഴും അനിശ്ചിത്വം തുടരുകയാണ്. ചങ്ങനാശേരി നഗരസഭയില്‍ ഭരണം പിടിക്കാന്‍ യു.ഡി.എഫാണ് മുന്നില്‍.

Advertisment

സ്വതന്ത്രരെ ഒപ്പം കൂട്ടിയാലെ ഭരണം സാധ്യമാകൂ എന്നതിനാല്‍ തിരക്കിട്ട ചര്‍ച്ചയിലാണു യു.ഡി.എഫ് നേതാക്കള്‍.  

ഇന്നോ നാളെയോ തീരുമാനത്തിലേക്ക് എത്താനാകുമെന്നും യു.ഡി.എഫ് നേതാക്കള്‍ പ്രതീക്ഷിക്കുന്നു. സ്വതന്ത്രരായി വിജയിച്ച് വന്ന 7 പേരുണ്ടെങ്കിലും അഞ്ച് പേരെ ഒരുമിച്ചു നിര്‍ത്തി അഞ്ചാം വാര്‍ഡില്‍ നിന്നും വിജയിച്ചുവന്ന ചാള്‍സ് മാത്യുവും അധ്യക്ഷ സ്ഥാനത്തിനായി കരുക്കള്‍ നീക്കുന്നുണ്ട്.

എന്നാല്‍, സ്വതന്ത്രരെ അധ്യക്ഷ സ്ഥാനത്തേയ്ക്കു പരിഗണിക്കേണ്ടന്നു വാദിക്കന്നവരും ഏറെ.


37 അംഗ നഗരസഭയില്‍  യു.ഡി.എഫ് -13,എല്‍.ഡി.എഫ് -9, എന്‍ഡി.എ -8, സ്വതന്ത്രര്‍ -7 എന്നിങ്ങനെയാണു കക്ഷിനില. ഭരണം നേടുന്നതിന് ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 


യു.ഡി.എഫ്. ഭരണം പിടിയ്ക്കാനായി ശ്രമിക്കുമ്പോള്‍, ബി.ജെ.പി എട്ട് സീറ്റുമായി മാറിനില്‍ക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഗാലറിയില്‍ ഇരുന്നു കളി കാണാനാണ് എല്‍.ഡി.എഫ്. ശ്രമം.

യു.ഡി.എഫ്. നീക്കങ്ങള്‍ കണ്ടറിഞ്ഞ ശേഷം,  കഴിഞ്ഞതവണ ഭരണം എങ്ങിനെ എല്‍.ഡി.എഫിലേക്ക് എത്തിയോ,  അതുപോലെ കളി തങ്ങള്‍ക്കനുകൂലമാകുമെന്നും മുന്നണി പ്രതീക്ഷിക്കുന്നു.

അധ്യക്ഷ സ്ഥാനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ യു.ഡി.എഫ് ഇന്നലെ ചേരാന്‍  തീരുമാനിച്ചിരുന്ന യോഗം മാറ്റിവച്ചിരുന്നു. കോണ്‍ഗ്രസിലെ പടലപിണക്കമാണു കാരണമെന്നാണു സൂചന.


മുന്നണി സ്വതന്ത്രയായി വിജയിച്ച മുന്‍ ചെയര്‍പേഴ്‌സണ്‍ സന്ധ്യ മനോജ് കൂടിയാകുമ്പോള്‍ യു.ഡി.എഫ് കക്ഷിനില 14 ആകും. വിമതരായി മത്സരിച്ചു വിജയിച്ച രണ്ട് കോണ്‍ഗ്രസുകാര്‍ കൂടി ഒപ്പം കൂടുമെന്നാണു നേതാക്കളുടെ പ്രതീക്ഷ.


കോണ്‍ഗ്രസില്‍ നിന്നു വിജയിച്ച് വന്ന 3 പേര്‍ അധ്യക്ഷ സ്ഥാനത്തിനായി വാദിക്കുന്നതു ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കുകയാണ്.

അഞ്ചു പേര്‍ തനിയ്‌ക്കൊപ്പമുണ്ടെന്നും താന്‍ നിര്‍ദേശിക്കുന്നയാള്‍ക്ക് അധ്യക്ഷ സ്ഥാനം നല്‍കണമെന്നുമാണു നഗരത്തിലെ അറിയപ്പെടുന്ന നേതാവിന്റെ ആവശ്യം.

കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്ന ജോമിക്ക് ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

എന്നാല്‍ ആദ്യ തവണ മത്സരിച്ചു വിജയിക്കുകയും പിന്നീട് മാറി നില്‍ക്കുകയും ഇത്തവണ വീണ്ടും ജയിക്കുകയും ചെയ്ത അഭിഭാഷകന്‍ കൂടിയായ മാര്‍ട്ടിനും ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു കരുനീക്കുന്നുണ്ട്.

കോണ്‍ഗ്രസിനുള്ളിലെ തമ്മില്‍തല്ല് ശക്തമായാല്‍ എല്ലാം കൈവിട്ടുപോകുമോയെന്ന് ആശങ്കയിലാണു പ്രവര്‍ത്തകര്‍.

Advertisment