എരുമേലി: പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് കർശന സുരക്ഷ ഒരുക്കി പോലീസ്.
ആഘോഷങ്ങളുടെ ഭാഗമായി എരുമേലിയിൽ 10നും 11നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലിയിൽ നിലവിൽ 340 പോലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ പോലീസുകാരുമാണ് സേവനം ചെയ്യുന്നത്.
ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളായ നാളെയും 11നും 100 പോലീസ് ഉദ്യോഗസ്ഥരെക്കൂടി അധികമായി ഇവിടെ നിയോഗിക്കും.
ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം.അനിൽകുമാറിനെ കൂടാതെ മറ്റൊരു ഡിവൈഎസ്പി കൂടി സേവനത്തിന് ഉണ്ടാകും.
4 എസ്എച്ച്ഒമാർ, 7 എസ്ഐമാർ എന്നിവരും സേവനത്തിന് എരുമേലിയിൽ ഉണ്ടാകും. ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് എസ്എച്ച്ഒ ഇ.ഡി.ബിജു അറിയിച്ചു.