ഏറ്റുമാനൂർ: ഏറ്റുമാനൂർ ഉത്സവത്തിലെ പ്രധാനദിനമായ വ്യാഴാഴ്‌ച ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം നടക്കും. ആസ്ഥാനമണ്ഡപത്തിൽ രാത്രി 12 ന് ആണ് ഏഴരപ്പൊന്നാന ദർശനം.
തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ പ്രത്യേക പൂജകൾക്കുശേഷം ആസ്ഥാനമണ്ഡപം തുറക്കും. വലിയകാണിക്കയിൽ ആദ്യം പണം ഇടാനുള്ള അവകാശം ചെങ്ങന്നൂർ പൊന്നുരുട്ട മഠം കാരണവർക്കാണ്.
തുടർന്ന് ദേവസ്വം ജീവനക്കാരും ജനങ്ങളും കാണിക്കയർപ്പിച്ചു പ്രാർഥിക്കും. ക്ഷേത്രത്തിലെത്തുന്ന മുഴുവനാളുകൾക്കും ദർശനമൊരുക്കാൻ വിപുലമായ സംവിധാനങ്ങളാണ് ദേവസ്വവും പൊലീസും ഒരുക്കിയിരിക്കുന്നത്.
ദർശനത്തിനെത്തുന്നവരെ ക്ഷേത്ര മൈതാനത്തുനിന്നു പടിഞ്ഞാറെ നട വഴി ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കും. ഇവിടെ കൊടിമരച്ചുവട്ടിനു സമീപത്തുനിന്നു തെക്കേനടയിലെ സ്റ്റേജ് ഭാഗംവഴി നേരെ കിഴക്കെനടയിൽ എത്തണം.
ഇവിടം വരെ നിയന്ത്രിച്ചുവിടാൻ കയർകെട്ടി തിരിച്ചിട്ടുണ്ട്. കിഴക്കെ നടയിൽ എത്തിയാൽ ആസ്ഥാന മണ്ഡപത്തിലേക്ക് പ്രത്യേകം ബാരിക്കേഡ് വഴിയാകും കടത്തിവിടുക. ദർശനംകഴിഞ്ഞ് കൃഷ്‌ണൻ കോവിൽവഴി പുറത്തേക്ക് ഇറങ്ങാം.
ആറാട്ട് വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാനയെ ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നാളെ പള്ളിവേട്ട പള്ളിവേട്ട ദിനമായ വെള്ളി രാവിലെ ഏഴിന് ശ്രീബലി. പഞ്ചാരിമേളം- മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 101 കലാകാരന്മാരും. അഞ്ചിന് കാഴ്‌ച ശ്രീബലി.
പഞ്ചവാദ്യം- പല്ലാവൂർ ശ്രീധരൻ മാരാരും 45ൽ പരം കലാകാരന്മാരും. കുടമാറ്റത്തിനു മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പഞ്ചാരിമേളം. 9.30ന് പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് ഏറ്റുമാനൂർ ദേവസ്വത്തിന്റെ ‘സ്നേഹാദരവ്' മന്ത്രി വി എൻ വാസവൻ സമ്മാനിക്കും. 10 ന് കെ എസ് ചിത്രയുടെ ഭക്തിഗാനമേളയും അരങ്ങേറും.