Advertisment

ചാഴികാടനായി ആവേശം അലയടിച്ചു പാലാ നഗരത്തിൽ ശബ്ദപ്പെരുമഴ

New Update
chazhikkkkadan kalasakott.jpg

പാലാ: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം ഉറപ്പിച്ച് നഗരത്തെ ശബ്ദപ്രപഞ്ചത്തിൽ നിറച്ച് തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന് ഉജ്ജ്വല സമാപനം. ഇന്നലെ വൈകുന്നേരം കൊട്ടാരമറ്റത്തുനിന്ന് ജൂബിലി കപ്പേള ജംഗ്ഷനിലേക്ക് നടത്തിയ പ്രകടനവും റോഡ് ഷോയും ഇടതുശക്തി വിളിച്ചറിയിച്ചു. വാദ്യമേളങ്ങളും കലാരൂപങ്ങളും അരങ്ങുകൊഴുപ്പിച്ചപ്പോൾ നഗരം സാക്ഷ്യം വഹിച്ചത് ജനസാഗരത്തിനായിരുന്നു. 

Advertisment

മുന്നണി നേതൃത്വം ലക്ഷ്യമിട്ട രീതിയിൽ പ്രചരണപ്രവർത്തനങ്ങളെല്ലാം നടത്താനായതിന്റെ സന്തോഷത്തിലായിരുന്നു പ്രവർത്തകരും നേതാക്കളും. 

പാലാ നിയോജകമണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലുമായി ആയിരത്തിലേറെ കുടുംബയോഗങ്ങൾ സംഘടിപ്പിച്ചു തോമസ് ചാഴികാടന്റെ വികസനപ്രവർത്തനങ്ങളെ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. ആറുതവണയാണ് ഭവന സന്ദർശനം നടത്തിയത്. കെ.എം മാണിയുടെ സ്വന്തം തട്ടകമെന്ന നിലയിൽ ആവേശത്തോടെയായിരുന്നു പ്രവർത്തകരുടെ ഓരോ കരുനീക്കങ്ങളും. എതിരാളികളുടെ അടവ് നയങ്ങളെയെല്ലാം മുനയൊടിച്ച് മുന്നേറാൻ ഇടതുനേതൃത്വത്തിന് കഴിഞ്ഞത് വലിയനേട്ടമായി വിലയിരുത്തുന്നു. 

സ്‌ക്വാഡ് പ്രവർത്തനങ്ങളും സജീവമായിരുന്നു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് റാലിയും സമ്മേളനവും നടത്തിയതിന് പിന്നാലെയാണ് പരസ്യപ്രചരണത്തിന്റെ സമാപനത്തിൽ നിയോജകമണ്ഡല ആസ്ഥാനത്ത് ശക്തിതെളിയിച്ച പ്രകടനവും റോഡ് ഷോയും ഒരുക്കിയത്. 

പരസ്യപ്രചരണത്തിന്റെ സമാപനമായി നടന്ന പ്രകടനത്തോടനൂബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. ജോർജ്കുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു.  ബാബു കെ.ജോർജ്, നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, ടോബിൻ കെ.അലക്‌സ്, പ്രഫ. ഷാജി കടമല, ബെന്നി മൈലാടൂർ, സാജൻ ആലക്കുളം, ഷാർളി മാത്യു, പി.കെ ഷാജകുമാർ, കെ.എസ് രമേശ് ബാബു, പെണ്ണമ്മ ജോസഫ്,  രാജേഷ് വാളിപ്ലാക്കൽ, ബെന്നി തെരുവത്ത്, തോമസ് കാപ്പൻ, ബേബി ഉഴുത്തുവാൽ, ജോസുകുട്ടി പൂവേലി തുടങ്ങിയവർ പ്രസംഗിച്ചു. 

Advertisment