പാലാ: പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് റോവർ & റെയ്ഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തി.
ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി, ശുചീകരണം, ഫ്ലാഷ് മോബ് എന്നിങ്ങനെ വ്യത്യസ്ത പരിപാടികളോടെയായിരുന്നു ഗാന്ധി ജയന്തിയാഘോഷം. രാവിലെ 9.30 ന് പാലാ സെൻ്റ്. തോമസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ റാലി പാലാ മുൻസിപ്പൽ വാർഡ് കൗൺസിലർ ബിജി ജോജോ ഫ്ലാഗ് ഓഫ് ചെയ്തു.
പാലാ കുരിശുപള്ളിക്കവലയിലെത്തിയ റാലിയെ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ അഭിസംബോധന ചെയ്തു. തുടർന്ന് ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി തെളിയിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പാലാ എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജെക്സി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി.
സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫ്, റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ അനിറ്റ അലക്സ് , വോളണ്ടിയർമാരായ അനുമോൾ, ആവണി , തോമസുകുട്ടി എന്നിവർ പ്രസംഗിച്ചു.
കുരിശു പള്ളിക്കവലയിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് പാലാ കുരിശുപള്ളിക്കവലയിലെ യോഗ സ്ഥലവും പരിസരവും വിദ്യാർത്ഥികൾ ശുചിയാക്കി.