/sathyam/media/media_files/2025/09/25/cluster-2025-09-25-16-46-00.jpg)
കോട്ടയം: ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കായി ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു.
ഓരോ കുട്ടിയുടെയും കഴിവുകളും പോരായ്മകളും മനസ്സിലാക്കി അവരോട് ഇടപെടാൻ അധ്യാപകർക്ക് കഴിയണമെന്ന് അദ്ദേഹം നിർദേശിച്ചു. സൈബർ ലോകത്തെ മാറ്റങ്ങളെക്കുറിച്ച് അധ്യാപകർക്ക് ധാരണയുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗമാരക്കാരായ കുട്ടികളുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ തിരിച്ചറിയാനും വിദ്യാലയാന്തരീക്ഷത്തിൽ ശാസ്ത്രീയ കാഴ്ച്ചപ്പാടോടുകൂടിയ സമീപനം സ്വീകരിക്കാനും അധ്യാപകരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത് .
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി ജി. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന സംസാരിച്ചു.
കമ്മീഷൻ അംഗം സിസിലി ജോസഫ്, ദിലീപ് കൈതയ്ക്കൽ എന്നിവർ ക്ലാസ്സെടുത്തു. സൈബർ പോലീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ സംബന്ധിച്ച പരിശീലനവും നടന്നു.
പരിശീലനം ലഭിച്ച അധ്യാപകർ സ്‌കൂളിലെ മറ്റ് അധ്യാപകരെയും ഹൈസ്‌കൂൾ വിദ്യാർഥികളെയും ബോധവത്കരിക്കും. സാമൂഹിക മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇൻറർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനും പരിശീലനം ലക്ഷ്യമിടുന്നു.