കോട്ടയം: വേനല്‍ മഴയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോട്ടയം, മഴ കിട്ടാതിരുന്നാല്‍ കോട്ടയം നേരിടാന്‍ പോകുന്നതു സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വരള്‍ച്ച.
ജില്ലയിലെ 13 പഞ്ചായത്തുകള്‍ ഇതിനോടകം വരള്‍ച്ച വരള്‍ച്ചാബാധിതമാണ്. മുണ്ടക്കയം, കോരുത്തോട്, വിജയപുരം പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. ഈ മൂന്നു പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും വരള്‍ച്ചാബാധിതമെന്നാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്.
മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നുവെങ്കിലും താത്കാലിക ആശ്വാസം മാത്രമാണുണ്ടായത്. എരുമേലി, വാകത്താനം, തലപ്പലം, പാറത്തോട്, പുതുപ്പള്ളി, കറുകച്ചാല്‍, കാണക്കാരി, വാഴൂര്‍, മാടപ്പള്ളി, മണിമല എന്നി പഞ്ചായത്തുകളും വരള്‍ച്ച രൂക്ഷമാണ്. ഇവിടങ്ങളിലെ ഭൂരിഭാഗം വാര്‍ഡുകളെ ജലക്ഷാമം ബാധിച്ചിട്ടുണ്ട്. ജില്ലയിലെ ചങ്ങനാശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട നഗരസഭകളും ജലക്ഷാമത്തിലാണെന്നാണു വിലയിരുത്തല്‍.
ഇവിടങ്ങളിലെ കിണറുകളടക്കം ഭൂരിഭാഗം ജലസ്രോതസുകളും വറ്റിയ നിലയിലാണ്. മലയോര മേഖലകളില്‍ ആറുകളില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നനിലയിലുമാണ്. മണിമലയാറിറലെ ജലനിരപ്പ് കുറഞ്ഞതോടെ മുണ്ടക്കയത്തെ ജലഅതോറിറ്റിയുടെ കുടിവെള്ള പമ്പിങ് താറുമാറായി.
മീനച്ചിലാറ്റിലും ജലനിരപ്പ് കുറയുന്നതു കുടിവെള്ള പമ്പിങിനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മീനച്ചിലാറ്റില്‍ ജലഅതോറിറ്റിയുടെ ഒമ്പത് മേജര്‍ കുടിവെള്ള പദ്ധതികളും നാലു മൈനര്‍ കുടിവെള്ളപദ്ധതികളാണുള്ളത്.
/sathyam/media/media_files/NEfpl8uy78UjqVVhlapu.jpg)
20 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലേക്കും മീനച്ചിലാറ്റിലെ വെള്ളമാണ് എത്തുന്നത്. ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ പല പദ്ധതികളും നിര്‍ത്തി വെക്കേണ്ടിവരുമെന്നു ജലഅതോറിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.
വരള്‍ച്ചാബാധിതമെന്നു കണ്ടെത്തിയ സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കാന്‍ തനതു ഫണ്ടില്‍നിന്നു പണം ചെലവഴിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മലയോരമേഖലകളില്‍ പലയിടങ്ങളിലും ജലവിതരണം ആരംഭിച്ചിട്ടുമുണ്ട്.
വരള്‍ച്ച ബാധിതപ്രദേശമായി പ്രഖ്യാപിച്ചാലെ കാര്‍ഷികവിളകള്‍ക്ക് അടക്കം ചൂടുമൂലം നാശനഷ്ടം നേരിട്ടാല്‍ പ്രകൃതിക്ഷോഭമായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കൂ. പഞ്ചായത്തുകളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അടുത്തഘട്ടമായി കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി വരള്‍ച്ചാബാധിതമായി പ്രഖാപിക്കുമെന്നാണു വിവരം.
അതിനിടെ, വരള്‍ച്ചയില്‍ കൃഷിക്കുണ്ടായ നാശം കണ്ടെത്താനുള്ള നടപടികള്‍ക്ക് കൃഷിവകുപ്പ് തുടക്കമിട്ടു. കര്‍ഷകര്‍ അറിയിക്കുന്നതനുസരിച്ചു സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കിവരികയാണെന്നു ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ഇതു പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ നാശം കണക്കാക്കാന്‍ കഴിയുകയുള്ളൂവെന്നും ഇവര്‍ അറിയിച്ചു. വാഴ കൃഷിക്കാണു കൂടുതല്‍ നാശമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിനു വാഴകള്‍ നശിച്ചതായാണ് പ്രാഥമിക നിഗമനം.