നീരാക്കൽ ലാറ്റക്സ് ഫാക്ടറിക്ക് അര ലക്ഷം രൂപ പിഴ ചുമത്തി കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്

ഫാക്ടറിയുടെ സമീപത്തെ ഓടയിലേക്ക് രാസവസ്തുക്കൾ കലർന്ന മലിനജലം ഒഴുക്കുന്നതിനെ തുടർന്ന് സമീപപ്രദേശത്തെ തോട് മാലിനപ്പെടുത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് 50000 രൂപ പിഴ ചുമത്തിയത്

New Update
neerakkal

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ നീരാക്കൽ ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വ്യവസായ സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തി കടുത്തുരുത്തി ​ഗ്രാമപഞ്ചായത്ത്. ഫാക്ടറിയുടെ സമീപത്തെ ഓടയിലേക്ക് രാസവസ്തുക്കൾ കലർന്ന മലിനജലം ഒഴുക്കുന്നതിനെ തുടർന്ന് സമീപപ്രദേശത്തെ തോട് മാലിനപ്പെടുത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് 50000/- രൂപ പിഴ ചുമത്തിയത്.

Advertisment

പരിസരവാസികളുടെയും സമരസമിതി യുടെയും പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം മലിനീകരണ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്.

പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽനിന്നുള്ള രാസവസ്തുക്കൾ കലർന്ന മലിനജലം സമീപത്തെ കിണറുകളിലെയും ജലസ്രോതസ്സുകളിലെയും വെള്ളം മലിനമാക്കുകയും രൂക്ഷമായ ദുർഗന്ധം പരത്തുകയും ചെയ്യുന്നതായി നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. മാത്രമല്ല,  2025-26 വർഷത്തിൽ ഫാക്ടറിക്ക് ലൈസൻസ് പുതുക്കി നൽകിയിരുന്നുമില്ല. എന്നാൽ, ഫാക്ടറി മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വ്യവസായ വകുപ്പിന്റെയും അനുമതിയോടെ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചുവരികയായിരുന്നു.

ഈ വിഷയത്തിൽ വീണ്ടും ഈ മാസം പരാതി ലഭിച്ചതിനെ തുടർന്ന് സെപ്റ്റംബർ 3-ന് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ഫാക്ടറി സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.

 പരിശോധനയിൽ, ഫാക്ടറിയിൽനിന്നുള്ള രാസമാലിന്യങ്ങൾ സമീപത്തെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായും ഇത് സമീപത്തെ തോട്ടിലേക്ക് വ്യാപിക്കുന്നതായും കണ്ടെത്തി. ഇതേത്തുടർന്ന് പരിസരത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതായും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫാക്ടറിക്ക് പിഴ ചുമത്താൻ ഭരണസമിതി തീരുമാനിച്ചത്.

പൊല്യൂഷൻ കൺട്രോൾ ബോർഡ് നൽകിയിരിക്കുന്ന അനുമതി 08/09/2025 ൽ റദ്ദ് ചെയ്തിട്ടുണ്ട്. വ്യവസായ വകുപ്പ് നൽകിയ ഡ്രീംഡ് ലൈസൻസ് റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്‌ പ്രസിഡന്റ് കളക്ടറെ നേരിട്ടു കണ്ട് അപേക്ഷ നൽകിയിട്ടുണ്ട്.

പഞ്ചായത്തിൽ പിഴ അടയ്ക്കാത്തപക്ഷം സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് സ്മിത എൻ ബി അറിയിച്ചു.

Advertisment