കോട്ടയം: നൂറുകണക്കിനു വാഹനങ്ങള്‍ കടുന്നു പോകുന്ന കഞ്ഞിക്കുഴി - തിരുവഞ്ചൂര്‍ റോഡ് പലയിടങ്ങളിലും തകര്‍ന്നു തുടങ്ങി. പുഴിത്തുറ ജങ്ഷനു സമീപം പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എടുത്ത കുഴി കോണ്‍ക്രീറ്റ് ചെയ്തുവെങ്കിലും നിലവിൽ തകര്‍ന്നു കിടക്കുകയാണ്. പൂഴിത്തറ പടി മുതല്‍ മോസ്‌കോ വയെുള്ള ഭാഗത്തു പലയിടങ്ങളായി രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ ഇരുചക്രവാഹന യാത്രക്കാരെ അപകടത്തില്‍പ്പെടുന്നുമുണ്ട്.
ഈ റോഡിനോടു ചേര്‍ന്നുള്ള പൈപ്പ് ലൈന്‍ റോഡും തകര്‍ന്നു തരിപ്പണമായി. റോഡിന്റെ വിവിധ ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ യാത്രക്കാരുടെ നടുവൊടിക്കുന്നതാണ്. ചെറുതും വലുതുമായ നൂറുകണക്കിനു കുഴികളാണ് വഴിയില്‍ പലയിടങ്ങളിലായി രൂപപ്പെട്ടിരിക്കുന്നത്. പല കുഴികളും ആഴമേറിയതായതിനാല്‍ അപകടത്തിന്റെ തീവ്രത വര്‍ധിക്കുന്നതായും യാത്രക്കാര്‍ പറയുന്നു.
പൂവത്തുംമൂട്ടില്‍ തുടങ്ങി കലക്ടറേറ്റില്‍ അവസാനിക്കുന്നതാണു പൈപ്പ് ലൈന്‍ റോഡ്. ഭാരമേറിയ വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണമുണ്ടെങ്കിലും തിരക്കൊഴിവാക്കി ചെറുവാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നു പോകുന്ന വഴിയാണിത്. കഞ്ഞിക്കുഴി - തിരുവഞ്ചൂര്‍ റൂട്ടില്‍ സഞ്ചരിക്കുന്ന യാത്രക്കാരില്‍ പലരും തിരക്കൊഴിവാക്കാനും യാത്രാ ദൈര്‍ഘ്യം കുറയ്ക്കാനും ഈ വഴി തെരഞ്ഞെടുക്കാറുണ്ട്.
റോഡിന്റെ അയ്മനത്തുപുഴകടവ് മുതല്‍ കൊശമറ്റം കവല വരെയുള്ള ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. മഴ പെയ്താല്‍ ഈ ഭാഗത്തു റോഡ് കാണാന്‍ കഴിയാത്തവിധം കുഴികളില്‍ വെള്ളം നിറയും. രാത്രിയില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. പൂഴിത്തുപടി മുതല്‍ മോസ്‌കോ വരെയുള്ള ഭാഗത്തും വലിയ കുഴികള്‍ യാത്രക്കാരെ ഭയപ്പെടുത്തുന്നു. ടാറിങ്ങ് പൂര്‍ത്തിയാക്കിയിട്ട് ഒരു വര്‍ഷമായ റോഡാണു തകര്‍ന്നു കിടക്കുന്നത്. വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ റോഡിന്റെ പല ഭാഗങ്ങളും മുങ്ങാറുണ്ട്. ഇതു തകര്‍ച്ചയുടെ ആഘാതം വര്‍ധിപ്പിക്കുന്നു. റോഡുകൾ എത്രയും വേഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.