/sathyam/media/media_files/2025/09/04/photos154-2025-09-04-11-02-37.jpg)
കറുകച്ചാൽ : ഓണത്തിരക്കിൽ ഗതാഗത തടസം കൂടി ഉണ്ടായാലോ ? ഉത്രാടത്തിനു മുന്നേ തന്നെ കറുകച്ചാൽ സെൻട്രൽ ജങ്ഷനിൽ ഗതാഗത കുരുക്കുണ്ടായി.
ബുധനാഴ്ച ചങ്ങനാശ്ശേരി-വാഴൂർ, കറുകച്ചാൽ-മണിമല, കറുകച്ചാൽ-മല്ലപ്പള്ളി റോഡുകളിൽ വാഹന ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. മൂന്ന് റോഡുകളിൽനിന്നെത്തിയ വാഹനങ്ങൾ സെൻട്രൽ ജങ്ഷനിൽ കുരുങ്ങി.
വിവരം പോലീസിനെ അറിയിച്ചു. പക്ഷേ വാഹനങ്ങളുടെ നിര നീണ്ടതല്ലാതെ പോലീസ് വന്നില്ല.ഒടുവിൽ തടസം നീക്കാൻ നാട്ടുകാർ തന്നെ നഗരത്തിലെ ട്രാഫിക് ഡ്യൂട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു.
തിരക്കുകണ്ട് സഹികെട്ട വഴിയാത്രക്കാരനായ യുവാവ് ഒടുവിൽ കറുകച്ചാൽ സെൻട്രൽ ജങ്ഷനിലെ ഗതാഗതം മണിക്കൂറുകളോളം നിയന്ത്രിച്ചു.
കൈലിയും ഷർട്ടും ധരിച്ച് ഗതാഗതം നിയന്ത്രിച്ച യുവാവിനെ യാത്രക്കാർ കൗതുകത്തോടെയാണ് കണ്ടത്. പലരും നന്ദി പറഞ്ഞു.
കണ്ടുനിന്ന ചിലർ ഇയാൾക്ക് കുപ്പിവെള്ളവും വാങ്ങി നൽകി. തടസമൊഴിവാക്കി വാഹനങ്ങൾ കടത്തിവിട്ടും നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന ഡ്രൈവർമാരെ വഴക്ക് പറഞ്ഞും മൂന്നു മണിക്കൂറോളം ഒറ്റയ്ക്ക് ഗതാഗതം നിയന്ത്രിച്ച യുവാവിന് നാട്ടുകാർ ഒടുവിൽ നോട്ട് മാലയിടുകയായിരുന്നു. സംഭവം പോലീസിനും വലിയ നാണക്കേടായിട്ടുണ്ട്.