/sathyam/media/media_files/2025/10/15/kmb-2025-10-15-18-19-02.jpg)
കൊച്ചി: തുറമുഖ വകുപ്പിന് കീഴില്‍ നിഷ്‌ക്രിയമായി കിടക്കുന്ന ആസ്തികള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ ആവശ്യങ്ങള്‍ക്കായി വികസിപ്പിക്കാന്‍ പദ്ധതികളുമായി കേരളാ മാരിടൈം ബോര്‍ഡ്.
തുറമുഖമായി വികസിപ്പിക്കുവാന്‍ കഴിയാത്ത തുറമുഖ ഭൂമികള്‍, കെട്ടിടങ്ങള്‍, യന്ത്ര സാമഗ്രികള്‍ ഇവയെല്ലാം വാണിജ്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാനുമുള്ള പദ്ധതികളാണ് മാരിടൈം ബോര്‍ഡ് നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടമായി വിഭാവനം ചെയ്ത പദ്ധതികള്‍ ടെണ്ടര്‍ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പുതിയ പദ്ധതികള്‍ക്കായി താല്‍പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബോര്‍ഡ്.
തുറമുഖ വികസനം, മാരിടൈം വിദ്യാഭ്യാസം, മാരിടൈം ടൂറിസം, മാരിടൈം വ്യവസായം, ലോജിസ്റ്റിക്‌സ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് നൂതന പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
കോഴിക്കോട് കടല്‍ത്തീരത്തുള്ള വിവിധ തുറമുഖ ഭൂമികള്‍, പോര്‍ട്ട് ബംഗ്ലാവ്, നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം ആശ്രാമം കെ.ടി.ഡി.സി. കെട്ടിടത്തിന് സമീപമുള്ള തുറമുഖ ഭൂമിയിലെ മാരിടൈം ടൂറിസം പദ്ധതി, മലപ്പുറം പൊന്നാനി, കാസര്‍ഗോഡ് തളങ്കര എന്നിവിടങ്ങളിലെ മാരിടൈം ടൂറിസം പദ്ധതി, വലിയതുറ തുറമുഖ ഭൂമി, പൊന്നാനിയിലെ മാരിടൈം ഇന്‍ഡസ്ട്രി പദ്ധതി, നോണ്‍ മേജര്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്രൂയിസ് ടൂറിസം പദ്ധതി, വലിയതുറ ടൂറിസം പദ്ധതി, തലശ്ശേരി ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളാണ് ടെണ്ടര്‍ നടപടികളില്‍ എത്തിനില്‍ക്കുന്നത്.
അടുത്ത ഘട്ടമായി വിഴിഞ്ഞത്തുള്ള തുറമുഖ ഭൂമി, അഴിക്കല്‍ ലൈറ്റ് ഹൗസ് പദ്ധതി, ആശ്രാമം സ്റ്റേഡിയത്തിന് സമീപമുള്ള തുറമുഖ ഭൂമി എന്നിവ വികസിപ്പിക്കുവാനുള്ള ആലോചനകള്‍ ബോര്‍ഡ് തലത്തില്‍ നടക്കുന്നുണ്ട്.
ഇതോടൊപ്പം മാരിടൈം ബോര്‍ഡിന് കീഴിലുള്ള കോവളം-വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, അഴിക്കല്‍ തുറമുഖങ്ങളുടെ പ്രവര്‍ത്തനം വിഴിഞ്ഞം തുറമുഖം മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുവാനുള്ള ബോര്‍ഡിന്റെ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
സ്വകാര്യ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പിലാക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനും തൊഴില്‍ സാധ്യതയ്ക്കും വലിയ സംഭാവന നല്‍കുന്ന പദ്ധതികള്‍ക്കാണ് കേരളാ മാരിടൈം ബോര്‍ഡ് പ്രാധാന്യം നല്‍കുന്നത്.
സംസ്ഥാനത്തെ നോണ്‍ മേജര്‍ തുറമുഖങ്ങളുടെ നടത്തിപ്പും തുറമുഖ ഭൂമികളുടെയും മറ്റ് ആസ്തികളുടെയും വികസനവും ലക്ഷ്യമാക്കി 2017 ലാണ് കേരളാ മാരിടൈം ബോര്‍ഡ് ആക്ട് പ്രകാരം കേരളാ മാരിടൈം ബോര്‍ഡ് രൂപംകൊണ്ടത്.